മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിഡിസതീശന്‍. മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കള്ളാടി മണ്ണിടിച്ചില്‍ കാണാതായ അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എം.ഡി ഇമ്രാന്‍, ബിക്രം സിങ് റാണാ, രാഹുല്‍ ശര്‍മ്മ, രാകേഷ്, അന്‍സാരി എന്നിവര്‍ക്കായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പാലത്തിന് സമീപം കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങളെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം ഇന്ന് പുനരാരംഭിച്ചത്.
സ്പോര്‍ട് ലൊക്കേഷന്‍ ക്യാമറയും ഡ്രോണ്‍ കാമറയും തെരച്ചിലായി ഉപയോഗിക്കുന്നുണ്ട്. കഡാവര്‍ നായകളും സേവനവും സ്ഥലത്ത് ലഭ്യമാക്കിയിട്ടുണ്ട്. മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 9 പേരില്‍ 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സയിലുള്ള ഏഴു പേരില്‍ ഒരാള്‍ മലയാളിയാണ്. സൈറ്റ് എഞ്ചിനിയറായ എറണാകുളം സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ഐസിയുവിലാണ്. ഇതില്‍ ഒരാളുടെ തലയ്ക്കും രണ്ട് കാലിനും പൊട്ടലുണ്ട്. മറ്റൊരാളുടെ രണ്ട് കാലിനുമാണ് പൊട്ടല്‍.
മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രദേശത്തുള്ള 42 കുടുംബങ്ങളിലെ 142 പേരെ മാറ്റി പാര്‍പ്പിച്ചു. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചാലും സ്ഥലത്ത് ആംബുലന്‍സും മെഡിക്കല്‍ ടീമും ക്യാമ്പ് ചെയ്യും. ആരോഗ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും 24 മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ട്. വയനാട് ഡിഎംഒ ഡോ.മൊയ്തീന്‍ ഷാ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷീജ.വിആര്‍, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
















