ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാർ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചത്. കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന നടത്തുമെന്നും ഡി കെ ശിവകുമാർ ഉറപ്പ് നൽകി. ചെന്നിത്തല വിളിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപി മാരുടെ യോഗം ജൂലൈ 10 ന് നടക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ആണ് യോഗം നടക്കുക.
രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചത്
ബംഗളൂരു വിധാൻ സൗധയിൽ വെച്ച് കർണാടക മുഖ്യമന്ത്രി പ്രിയപ്പെട്ട ശ്രീ ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ലഹരി മാഫിയക്കെതിരെ കേരളം ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ വിജയത്തെയാണ് അദ്ദേഹം ആദ്യം തന്നെ അഭിനന്ദിച്ചത്. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഒപ്പം, ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിന് കർണാടക സർക്കാരിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി കർണാടകയിലും പരിശോധനകൾ ശക്തമാക്കുമെന്നും, കേരള-കർണാടക പോലീസ് സേനകൾ തമ്മിൽ ശക്തമായ ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർനടപടികൾക്കായി കർണാടക ചീഫ് സെക്രട്ടറിയെ അപ്പോൾ തന്നെ വിളിച്ച് നിർദ്ദേശം നൽകിയ അദ്ദേഹം, ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാനും തയ്യാറായിട്ടുണ്ട്. ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം ജൂലൈ പത്താം തീയതി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വച്ച് നടത്തും.
വർഷങ്ങളായുള്ള ഹൃദയബന്ധവും ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് നടന്ന വഴികളും പുതുക്കിയ ഈ സംഭാഷണത്തിൽ, വരുംനാളുകളിൽ ഒരുമിച്ച് നടത്തേണ്ട മുന്നേറ്റങ്ങളെക്കുറിച്ചും സംസാരിച്ചു. ഔദ്യോഗിക തിരക്കുകൾക്കിടയിലും എപ്പോഴത്തെയും പോലെയും തികച്ചും ഊഷ്മളമായ സ്വീകരണമായിരുന്നു അദ്ദേഹത്തിന്റേത്. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്
Story Highlights : ramesh chennithala d k shivakumar meet thoofan
















