വയനാട്ടിലെ കള്ളാടിയില്‍ ഉരുള്‍പൊട്ടിയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പശ്ചിമബംഗാള്‍ സ്വദേശിയും സര്‍വേയറുമായ രാകേഷ് ഗുച്ചൈതിന്റെ മൃതദേഹമാണ് ലഭിച്ചത്. കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മരണം ഏഴായി. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നത്. ദുരന്തമേഖലയെ നാല് സോണുകളാക്കി തിരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളാണ് ലഭിച്ചത്.
പരിശോധനയില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എസ്‌കവേറ്റര്‍ ഓപറേറ്റര്‍) എന്നയാളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്താനായത്. ഹിമാചല്‍ പ്രദേശ് സ്വദേശിയായ രാഹുല്‍ ശര്‍മ (എന്‍ജിനീയര്‍)യുടെ മൃതദേഹമാണ് രണ്ടാമത് കണ്ടെത്തിയത്. മീനാക്ഷി പുഴയില്‍ ബസ് കിടന്ന സ്ഥലത്തുനിന്നാണ് രാഹുലിന്റെ മൃതദേഹം കിട്ടിയത്. മണ്ണിടിച്ചിലില്‍പ്പെട്ട് പുഴയില്‍ വീണ ബസ് കഴിഞ്ഞ ദിവസം ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാമിങിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
ശേഷം മൃതദേഹങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മന്ത്രിമാരായ എ.പി അനില്‍കുമാര്‍, ടി. സിദ്ധിഖ് എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത് തുടരുകയാണ്. പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. തുരങ്ക നിര്‍മ്മാണം നടത്തുന്ന കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തില്‍പ്പെട്ടത്. അതേസമയം വയനാട്ടിലെ പ്രകൃതി ദുരന്തങ്ങളില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ്, പ്രത്യേകം പട്ടികപ്പെടുത്തി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.
സര്‍ക്കാര്‍ ഇന്ന് വസ്തുതാ റിപ്പോര്‍ട്ട് ഹാജരാക്കുകയും ചെയ്യും. അമിക്കസ് ക്യൂറിയും കോടതിയില്‍ ഹാജരാകും. ദുരന്തകാരണം, നിലവിലെ സാഹചര്യം, രക്ഷാപ്രവര്‍ത്തനം എന്നിവയാണ് കോടതി പരിഗണിക്കുക. അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. തുടര്‍ച്ചയായ നാലാം ദിവസമാണ് മേഖലയില്‍ പരിശോധന നടക്കുന്നത്. ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെടുത്ത ഭാഗങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. പുഴകളിലും പ്രത്യേക സംഘത്തിന്റെ പരിശോധന നടക്കുന്നുണ്ട്. മേഖലയില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലെ തേയില കര്‍ഷകര്‍ സംഭരിക്കുന്ന തേയില, മേപ്പാടി-ചൂരല്‍മല റോഡ് മാര്‍ഗം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും അവശ്യ സര്‍വീസുകളായ പാല്‍, പത്രം, ആംബുലന്‍സ് എന്നിവക്കും ഗതാഗത നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
















