ലോകത്തെ വിറപ്പിക്കുന്ന ശക്തിയാണ് അമേരിക്കയെന്നു പറഞ്ഞാലും ജീവനില്‍ ഭയമില്ലാത്ത ആരാണുള്ളത്. അതു തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെയും പ്രശ്‌നം. തന്നെ വകവരുത്താന്‍ ഇറാന്‍ തീരുമാനിച്ചുറപ്പിച്ചെന്ന മനസ്സിലാക്കിയപ്പോള്‍ മുതല്‍ ട്രമ്പ് പറയാന്‍ തുടങ്ങിയതാണ്. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചാല്‍ 1000 മിസൈലുകള്‍ ഇറാനെ ചുട്ടു ചാമ്പലാക്കുമെന്ന്. ഇത് ട്രമ്പിന്റെ വീമ്പു പറച്ചില്‍ മറ്റൊന്നാണെന്ന് ലോകം കരുതി. എന്നാല്‍, ട്രമ്പിന്റെ ഉള്‍ഭയം കൊണ്ട് പറഞ്ഞതാണ് ആ പ്രസ്താവന. ഇറാന്‍ ഒരുങ്ങിയിരിക്കുകയാണ്. തങ്ങളുടെ പരമോന്നത നേതാവിനെ നിഗ്രഹിച്ചവരോട് പ്രതികാരം ചോദിക്കാന്‍. അവര്‍ സമയവും സ്ഥലവും കാത്തിരിക്കുകയാണ്. ഇറാനില്‍ അവസാന മനുഷ്യനും അവശേഷിക്കുമെങ്കില്‍ അവര്‍ പ്രതികാരം ചെയ്തിരിക്കുമെന്നാണ് ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ ഖബറടക്കത്തിനു മുമ്പ് പ്രതിജ്ഞ ചെയ്തത്.
ഭയപ്പെടുത്തിയും, ആക്രണത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടത്തിയുമൊക്കെ ഇറാനെ വരുതിയില്‍ കൊണ്ടു വരാമെന്ന് വ്യാമോഹിച്ച അമേരിക്കയ്ക്ക കണക്കു കൂട്ടലുകള്‍ തെറ്റി. ഇറാന്‍ ഇപ്പോഴും പ്രതിരോധവും ആക്രമണവും നടത്തുകയാണ്. എന്നാല്‍, തങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലുള്ളവരുടെ എണ്ണം കൂടാതെ നോക്കാനും, ഉള്ളവരെ വകവരുത്താനുമുള്ള പ്ലാനുകള്‍ ഇറാന്റെ ഭൂമിക്കടിയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവിടുത്തെ പ്രാദേശിക പത്രത്തിന്റെ ഓണ്‍ലൈനാണ്. അമേരിക്കയും അവരുടെ സൈന്യവും ചെയ്യുന്നതും, ചെയ്യാന്‍ പോകുന്നതുമെല്ലാം ട്രമ്പിലൂടെയും വൈറ്റ് ഹൗസിലൂടെയുമൊൊക്കെ ലോകം അറിയുന്നുണ്ട്. എന്നാല്‍, ഇറാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും ധാരണയില്ല.
എന്നാല്‍, ഇതാണ് ഇറാന്റെ മണ്ണില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രാദേശിക പത്രത്തിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് അവര്‍ക്കൊരു സാധാരണ കാര്യം പോലെയാണെന്ന് തോന്നിപ്പോകുന്നു. ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരമായി ലക്ഷ്യമിടേണ്ട ആളുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഇറാന്‍ മാധ്യമം. അമേരിക്ക, ഇസ്രയേല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നേതാക്കളാണ് ‘ഹംഷഹരി’ പത്രം പ്രസിദ്ധീകരിച്ച പട്ടികയിലുള്ളത്. ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പകരം വീട്ടുമെന്ന പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രസ്താവനയോടൊപ്പം 13 വിദേശ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍ഫോഗ്രാഫിക് കാര്‍ഡാണ് പത്രത്തിന്റെ ഓണ്‍ലൈന്‍ പുറത്തുവിട്ടത്. പത്രത്തില്‍ ഈ പട്ടിക കൊടുത്തിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, ഫ്രഞ്ച് പ്രസിഡന്റ് മക്രോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോനി, ജര്‍മന്‍ ചാന്‍സലര്‍ മെര്‍സ് എന്നിവരും പട്ടികയിലുണ്ട്. ഫെബ്രുവരി 28ലെ യുഎസ്-ഇസ്രയേല്‍ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്.
അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും നിയമാനുസൃതമായി സര്‍വീസ് നടത്തുന്ന എല്ലാ കപ്പലുകള്‍ക്കുമായി പാത തുറന്നുനല്‍കിയിരിക്കുകയാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചതായും മേഖലയിലെ ഇടപെടലുകള്‍ അമേരിക്ക അവസാനിപ്പിക്കുന്നത് വരെ കപ്പലുകളെ കടത്തിവിടില്ലെന്നുമുള്ള ഇറാന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍, ഭീഷണികള്‍ എന്നിവ നിലനില്‍ക്കുന്നുണ്ടെങ്കിലും മേഖലയില്‍ നാവിക സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ യുഎസ് സൈന്യം സദാ സന്നദ്ധരാണ്, ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന് യാതൊരുവിധ നിയന്ത്രണവുമില്ല. നിലവില്‍ ഈ പാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമായി മുന്നോട്ട് പോകുന്നുണ്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുന്നു.
ഗള്‍ഫ് മേഖലയിലെ യു.എസ് ഇടപെടല്‍ അവസാനിപ്പിക്കുന്നതുവരെ ഹോര്‍മുസ് അടച്ചിടുമെന്നാണ് ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് വ്യക്തമാക്കിയത്. അമേരിക്ക നിര്‍ദേശിക്കുന്ന ബദല്‍ പാതകള്‍ ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കിയിട്ടുണ്ട്. ഇതിനിടെ സൈപ്രസ് പതാക വഹിച്ച ഒരു ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടാവുകയും കപ്പലിന്റെ എന്‍ജിന്‍ റൂമിന് തീപിടിക്കുകയും ചെയ്തു. ജീവനക്കാരെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി. ഇതിന് പിന്നാലെ ഇറാനില്‍ ?അമേരിക്കയുടെ വ്യോമാക്രമണം ഉണ്ടായി. തെക്കന്‍ ഇറാനിലെ പ്രമുഖ നഗരങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ചായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. ബന്ദര്‍ അബ്ബാസ്, ബുഷഹര്‍, ചബഹര്‍, കിഷ് ദ്വീപ്, സിറിക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ ഈ ആഴ്ച അമേരിക്ക നടത്തുന്ന മൂന്നാമത്തെ ആക്രമണം കൂടിയാണിത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവുപ്രകാരമാണ് ആക്രമണമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.