ട്രാൻസ്പോർട്ട് മാനേജ്മെൻ്റ് കമ്മിറ്റികളിലൂടെ കെഎസ്ആർടിസിയുടെ ജനകീയ പങ്കാളിത്തം ഡിപ്പോതലത്തിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി സി.പി ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപറേഷൻ ഡിപ്പോകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി. ഇതിനുള്ള നിയമാവലിക്കും അംഗീകാരം നൽകിയിട്ടുണ്ട്. കോർപറേഷൻ്റെ എല്ലാ ഡിപ്പോകൾക്കും പുതിയ നിയമാവലി ബാധകമായിരിക്കും.
ഡിപ്പോകളുടെ അടിസ്ഥാന സൗകര്യം, ശുചിത്വം, യാത്രക്കാർക്കുള്ള സേവനങ്ങൾ, കാൻ്റീൻ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ചുമതല. ബസുകളുടെയും ഡിപ്പോയുടെയും ക്രമമായ പരിപാലനം ഉറപ്പാക്കുന്നതിനൊപ്പം സമയക്രമം ഉൾപ്പെടെയുള്ള സേവനങ്ങൾ മികച്ചതാക്കാൻ കോർപറേഷന് ശിപാർശ നൽകുകയും വേണം. സ്പോൺസർഷിപ്പ്, സിഎസ്ആർ, പൊതുജന സംഭാവനകൾ എന്നിവ വഴി അധിക വിഭവസമാഹരണം നടത്താനും ജനകീയ പങ്കാളിത്തം ഉറപ്പാക്കാനും കമ്മിറ്റിക്ക് ചുമതലയുണ്ട്. ക്രമക്കേടുകൾക്കെതിരെ ജാഗ്രത പുലർത്തുക, യാത്രക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.
സർവീസ്, ഷെഡ്യൂൾ എന്നിവ സംബന്ധിച്ച നിർദേശങ്ങൾ ഉപദേശക സ്വഭാവമുള്ളവയായിരിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോർപറേഷനായിരിക്കും കൈക്കൊള്ളുക. ഡിപ്പോകൾ കേവലം ഒരു പ്രവർത്തന കേന്ദ്രം എന്നതിലുപരി, ജനങ്ങളുടെ ഉടമസ്ഥാവകാശബോധത്തോടെ വളരുന്ന പൊതു സ്ഥാപനങ്ങളായി മാറണമെന്നും, ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തം കെഎസ്ആർടിസിയുടെ സേവന നിലവാരത്തിൽ ദൃശ്യമായ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി സി.പി ജോൺ പറഞ്ഞു.
- എംഎൽഎ അധ്യക്ഷനാകും
ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ ആയിരിക്കും കമ്മിറ്റിയുടെ അധ്യക്ഷൻ. ബന്ധപ്പെട്ട യൂണിറ്റ് ഓഫിസർ കൺവീനറും മെമ്പർ സെക്രട്ടറിയുമായി പ്രവർത്തിക്കും. പ്രദേശത്തെ ലോക്സഭാംഗം അല്ലെങ്കിൽ അദ്ദേഹം രേഖാമൂലം ചുമതലപ്പെടുത്തുന്ന പ്രതിനിധി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, മുൻസിപ്പാലിറ്റി ചെയർമാൻ അല്ലെങ്കിൽ മേയർ, തദ്ദേശ ഭരണ സ്ഥാപനത്തിലെ വാർഡ് മെമ്പർ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സിഎംഡി നാമനിർദേശം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥൻ എന്നിവർ അംഗങ്ങളായിരിക്കും. അധ്യക്ഷൻ്റെ അഭാവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അല്ലെങ്കിൽ നഗരസഭാ അധ്യക്ഷന്മാർ യോഗത്തിൽ അധ്യക്ഷത വഹിക്കും.
- ഫണ്ട് വിനിയോഗം സംയുക്ത അക്കൗണ്ടിലൂടെ
കൺവീനറുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ്റെയും പേരിലുള്ള സംയുക്ത അക്കൗണ്ടിലൂടെയാണ് ഫണ്ട് കൈകാര്യം ചെയ്യുക. വരവുചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത് കമ്മിറ്റി മുമ്പാകെ സമർപ്പിക്കുകയും വേണം. മൂന്ന് മാസത്തിലൊരിക്കലെങ്കിലും സമിതി യോഗം ചേരണം. ഏഴ് ദിവസത്തെ നോട്ടീസോടെ അജണ്ട സഹിതമാണ് യോഗം വിളിച്ചുചേർക്കേണ്ടത്. യോഗ മിനിറ്റ്സും ശിപാർശകളും കോർപറേഷന് സമർപ്പിക്കണം. നടപ്പാക്കാൻ കഴിയാത്ത ശിപാർശകളുടെ കാരണം കോർപറേഷൻ കമ്മിറ്റിയെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. മൂന്ന് വർഷമായിരിക്കും കമ്മിറ്റിയുടെ കാലാവധി.
















