ദേശാഭിമാനി വാരാന്ത്യപതിപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് എം സ്വരാജ്. വിഎസ് അനുസ്മരണമുള്ള വാരാന്ത്യപതിപ്പ് ഒഴിവാക്കിയെന്ന വാർത്ത അടിസ്ഥാനവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. യന്ത്രത്തിന്റെ തകരാർ കാരണം വാരാന്ത്യത്തിന്റെ അച്ചടി പൂർത്തിയായില്ലെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ കൂടിയായ എം സ്വരാജ് വ്യക്തമാക്കി.
ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സിലാണ്. ആ പ്രസ്സിലെ യന്ത്രത്തകരാർ കാരണം ഇക്കഴിഞ്ഞ രണ്ടുദിവസമായി അടുത്ത ജില്ലയിലെ യൂണിറ്റിൽ നിന്നാണ് പത്രം ഒരുമിച്ച് അച്ചടിക്കുന്നത്. അതിനാലാണ് കൃത്യസമയത്ത് അച്ചടി പൂർത്തിയാക്കാൻ കഴിയാതെ വന്നതെന്നും ഇന്നത്തെ വാരാന്ത്യപതിപ്പ് നാളെ വിതരണം ചെയ്യാൻ തീരുമാനിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.ഇരുപത്തിയൊന്നാം തീയതി വിഎസിന്റെ അനുസ്മരണ സംബന്ധമായ പ്രത്യേക പേജുണ്ടാവും.
നാല് പേജുള്ള ഞായറാഴ്ച പതിപ്പിന്റെ ആദ്യ പേജിലാണ് കെവി സുധാകരന്റെ വിഎസിനെ കുറിച്ചുള്ള അനുസ്മരണമുള്ളത്. അവസാന പേജിലും അതുതന്നെയാണ്. അതല്ലാതെ പ്രചരിക്കുന്നതെല്ലാം തെറ്റാണെന്നും വിഎസിനെ ഇതിലേക്ക് വലിച്ചിഴച്ചത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. ‘കള്ളൻ വിജയൻ’ എന്നൊരു ലേഖനമോ വാർത്തയോ വാരാന്ത്യപതിപ്പിൽ ഇല്ലെന്നും സ്വരാജ് വ്യക്തമാക്കി. പ്രചരിക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
STORY HIGHLIGHT : the-weekend-edition-does-not-contain-the-article-or-report-titled-thief-vijayan
















