ഡല്‍ഹിയില്‍ സമരം തുടരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12.30നാണ് ചര്‍ച്ച. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വച്ച് ചര്‍ച്ച സംഘടിപ്പിക്കാനാണ് തീരുമാനം. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ച വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. വരുന്ന അവധി ദിവസങ്ങളില്‍ പ്രതിഷേധത്തിന് ശക്തി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് സിജെപിക്ക് വഴങ്ങി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ സിജെപി ഉന്നയിക്കും. ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങുമായിരിക്കും കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക എന്നാണ് വിവരം. എന്നാല്‍ സിജെപി പ്രതിനിധികള്‍ ആരെന്നതില്‍ വ്യക്തതയില്ല. രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിജെപിയും മറ്റ് പ്രതിപക്ഷ സംഘടനകളും പദ്ധതിയിടുന്നത്. രാവിലെ മുതല്‍ തന്നെ സമര വേദി സജീവമാണ്. പാര്‍ലമെന്റും പ്രക്ഷുബ്ധമാകാനാണ് സാധ്യത. ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസുകള്‍ അടക്കം നല്‍കാനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച സംഭവത്തില്‍ സിആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. റാപിഡ് ആക്ഷന്‍ ഫോഴ്‌സ് ആണോ തോക്ക് ഉപയോഗിച്ചത് എന്നാണ് സംശയം. ജന്തര്‍ മന്തറിലെ പൊലീസ് നടപടിക്ക് ശേഷം രണ്ട് ദിവസമായി പെല്ലറ്റ് കൊണ്ട് പരിക്കേറ്റവരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തോക്കുകള്‍ ഉപയോഗിച്ചിട്ടില്ല എന്ന് ഡല്‍ഹി പൊലീസ് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് എയര്‍ഗണ്‍ വെടിവെപ്പില്‍ പരിക്ക് ഏറ്റിരുന്നത്. ജന്തര്‍ മന്തറില്‍ ഇന്നും ഇന്റര്‍നെറ്റ് നിരോധനം തുടരും. ജന്തര്‍ മന്തര്‍ പരിസരത്ത് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് ഇന്നും ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നത്. മെട്രോ സ്‌റ്റേഷനുകളും ഇന്നും അടഞ്ഞു കിടക്കുമെന്നാണ് വിവരം. 17 മെട്രോ സ്‌റ്റേഷനുകളാണ് അടഞ്ഞു കിടക്കുക. മെട്രോ സ്‌റ്റേഷനുകള്‍ തുറക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പിലായിട്ടില്ല. പ്രതിഷേധക്കാരുടെ ജന്തര്‍ മന്തറിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ നടപടി.
അതേസമയം വിഷയത്തില്‍ പ്രധാന മന്ത്രിയുടെ അര്‍ദ്ധരാത്രിയിലെ വിഡിയോ സന്ദേശത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്ത് വന്നു. അര്‍ദ്ധരാത്രിയില്‍ പുറത്തുവിട്ട പരിഹാസ്യമായ വീഡിയോയിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിശക്തിയെ അപമാനിക്കരുതെന്നാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കുക. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവരെ ശിക്ഷിക്കുക. വിദ്യാര്‍ത്ഥികളോട് മാപ്പ് പറയുക എന്നിവ മാത്രമാണ് മോദി ചെയ്യേണ്ടതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്നതിനും കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് നരേന്ദ്ര മോദി അറിയിച്ചിരുന്നു. പാര്‍ലമെന്റിന്റെ നിലവിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ ബില്‍ എത്രയും വേഗം പാസാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൂടാതെ നിരാഹാരം അവസാനിപ്പിച്ച സോനം വാങ്ചുക്കിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദി പറഞ്ഞു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം നിത്യവും പാലിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന നിര്‍ദേശവും നല്‍കി. എത്രയും വേഗം പഴയ ശരീരഭാരം വീണ്ടെടുക്കാന്‍ കഴിയട്ടെ എന്നും സോനം-ജിയെ ആരോഗ്യവാനായി കാണാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായും മോദി എക്‌സില്‍ കറിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് 26 ദിവസത്തെ നിരാഹാരം സോനം വാങ്ചുക്ക് അവസാനിപ്പിച്ചിത്. നദ്ധയും ജിതേന്ദ്ര സിങ്ങും സോനത്തിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിന് ശേഷം നാരങ്ങാ നീര്‍ നല്‍കുകയായിരുന്നു. പിന്നാലെ വാങ്ചുക്ക് പ്രതികരിച്ചിട്ടുണ്ട്. ജെ പി നഡ്ഡ, ഡോ. ജിതേന്ദ്ര സിംഗ്, ലേ-ലഡാക്കിലെ ‘അപെക്‌സ് ബോഡി’യിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍, 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 65 എംപിമാര്‍ നേരത്തെ സന്ദര്‍ശിക്കുകയും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തുകള്‍ നല്‍കുകയും ചെയ്തു. വിവിധ വ്യവസ്ഥകളെക്കുറിച്ചുള്ള ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷവും, രാജ്യത്ത് അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുമാണ് തീരുമാനം എന്ന് വാങ്ചുക്ക് വ്യക്തമാക്കി. ഒരിടത്തും ഒരുതരത്തിലുള്ള അക്രമവും ഉണ്ടാകാന്‍ അനുവദിക്കരുതെന്നും ഇക്കാര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും വാങ്ചുക്ക് പ്രതികരിച്ചു. ഉപാധികളോടെ മാത്രമാണ് നിരാഹാരം അവസാനിപ്പിച്ചിരിക്കുന്നതെന്നും വാങ്ചുക്ക് പറഞ്ഞു.
STORY HIGHLIGHT : centre-to-hold-talks-with-cjp-protesters-in-delhi-today
















