പാറ്റകള്‍ ഇന്ത്യന്‍ രാഷ്ട്രീയ മാലിന്യത്തില്‍ നിന്നും ഉയര്‍ന്നുവന്നതാണ്. അല്പ പ്രാണനും എന്നാല്‍, എണ്ണത്തില്‍ വമ്പനുമാണീ ഷഡ്പദങ്ങള്‍. ഒറ്റയ്ക്ക് ഒരു കുടുംബത്തിന് രോഗം നല്‍കാനാകുമെങ്കിലും വലിയൊരു ആക്രമണത്തിന് കഴിയാത്തവ, കൂട്ടത്തോടെ വന്നാല്‍ മനുഷ്യന്‍ പരാജയപ്പെട്ടു പോവുക തന്നെ ചെയ്യും. പാറ്റയെ കൊല്ലാനാകും പക്ഷെ, പൂര്‍ണ്ണമായി നശിപ്പിക്കാനാവില്ല. കൊല്ലും തോറും പിറവിയെടുക്കുന്നവയാണ് പാറ്റകള്‍. കാരണം, അവയുടെ വാസവും ജീവിതവും നമ്മുടെ വീടുകളിലും പരിസരങ്ങളിലുമാണ്. മാലിന്യങ്ങള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഈ ഷഡ്പദങ്ങളെ കാണാം. അവ മനുഷ്യരെ നേരിട്ട് ഉപദ്രവിക്കില്ല, എന്നാല്‍ പരോക്ഷമായി മാരക രോഗ വഹാകരായി കൂടെയുണ്ടാകും.
‘ഇന്ത്യന്‍ യുവത പാറ്റകളെപ്പോലെ’-എന്ന് ഉപമിച്ച സുപ്രീംകോടതി ജഡ്ജിയുടെ വാക്കില്‍ പിറവിയെടുത്ത രാഷ്ട്രീയ പാറ്റകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ പാറ്റകളെ പോറ്റേണ്ടവയാണോ എന്നാണ് പ്രസ്‌കതമാകുന്ന ചോദ്യം. പാറ്റകള്‍ ഉണ്ടായതു തന്നെ രാഷ്ട്രീയ മാലിന്യത്തില്‍ നിന്നാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്ഥിതിയെ കാണിക്കുന്ന ചൂണ്ടുപലക കൂടിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. അതായത്, എവിടെ മാലിന്യമുണ്ടോ അവിടെ പാറ്റകള്‍ പെരുകുന്നു. പാറ്റകള്‍ക്ക് ഇനിയൊരു മടക്കമില്ല. ഈ മാലിന്യത്തില്‍ കിടന്ന് പെരുകിപ്പെരുകി ഇന്ത്യന്‍ രാഷ്ട്രീയത്തെത്തന്നെ വീണ്ടും മലിനമാക്കുമോ അതോ ശുദ്ധീകരിക്കുമോ എന്നു മാത്രമേ അറിയേണ്ടതുള്ളൂ. അതുകൊണ്ടുതന്നെ ഈ പാറ്റകളെ പോറ്റേണ്ടതുണ്ടോ എന്ന ചോദ്യത്തിന് നമ്മള്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
എങ്ങനെയാണ് പാറ്റകളുടെ ജീവിത രീതി. എന്താണ് പാറ്റകളുടെ ലക്ഷ്യം. ഇന്ത്യന്‍ രാഷ്ട്രീയവുമായി അവയുടെ അഭേദ്യമായ ബന്ധമെന്ത്. ഈ ചോദ്യങ്ങള്‍ സമീപ ഭാവിയില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിന്റെ ഒടുവിലാണ് ഉയര്‍ന്നുവന്നത്. സമരം വിജയിച്ചപ്പോള്‍ പാറ്റകള്‍ പറന്നുപോയോ. ഇനിയെന്താണ് ഭാവി. ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരുണ്ട്. എന്നാല്‍, പാറ്റകള്‍ക്കൊന്നും മരണമില്ല എന്നു തന്നെയാണ് പറയേണ്ടി വരിക. കാരണം, ഈ പാറ്റകള്‍ യൗവ്വനത്തിലാണ്. നാളത്തെ ഇന്ത്യയാണ്. തലച്ചോറുകളാണ്. ഭരണാധികാരികളാണ്. വ്യവസായികളും രാഷ്ട്ര സേവകരുമാണ്. അതുകൊണ്ട് പാറ്റകളെ പോറ്റുക തന്നെ വേണം.
മാത്രവുമല്ല, ഈ പാറ്റകള്‍ ഉണ്ടായത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ഇന്ത്യയെ ഇന്ന് നയിക്കുന്നവരുടെ പ്രായം തൊട്ട് രാഷ്ട്രീയം വരെ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. അനുഭവ പരിചയമുള്ളവര്‍-പ്രായത്തില്‍ മുമ്പര്‍ ഭരിക്കുന്ന നാട്ടില്‍, ചെയ്യുന്നതും പറയുന്നതുമെല്ലാം ജനവിരുദ്ധത നിറഞ്ഞതാണെങ്കില്‍, അതിനെ രാഷ്ട്രീയമായി ന്യായീകരിക്കുന്നവര്‍ ഉണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്. ആ എതിര്‍പ്പ് കലാപത്തിലൂടെയോ അരക്ഷിതാവസ്ഥയിലൂടെയോ, അരാഷ്ട്രിയ വാദത്തിലൂടെയോ ആയിരിക്കരുത്. അത് ഭരണഘഠനയുടെ പിന്‍ബലത്തോടെ മാത്രമായിരിക്കണം. നമുക്കു മുന്‍പേ പോയ സ്വാതന്ത്ര്യ സമര സേനാനികള്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നടത്തിയ അഹിംസാ സമര മുറകളിലൂടെയാകണം.
അത് പാറ്റകള്‍ പിന്‍പറ്റി. അംബേദ്ക്കറെന്ന ലോക മഹാത്ഭുതമാകേണ്ട മനുഷ്യനെ ഇന്ത്യന്‍ ഭരണഘടനാ ശില്പിയെ മുന്‍ നിര്‍ത്തിയായിരുന്നു കോക്രോച്ചുകള്‍ ഡെല്‍ഹി വളഞ്ഞത്. നോക്കൂ, പാറ്റകള്‍ ചെയ്ത സമരം വിജയിച്ചത് എന്തുകൊണ്ടാണ്. ഭരണകൂടത്തിന് തെറ്റു സംഭവിച്ചതു കൊണ്ടാണ്. അതു മാത്രമല്ല, സംഭവിച്ച വീഴ്ചയില്‍ ഖേദിക്കാതെ, പരിഹരിക്കാതെ തെറ്റിനെ ശരിയാണെന്ന് വാദിച്ചതു കൊണ്ടാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണ കൂടം ജനങ്ങളോട് തെറ്റു ചെയ്തിട്ട്, ആ തെറ്റ് ശരിയെന്ന് വാദിച്ച് അധികാരത്തില്‍ അല്പനാള്‍ തുടരാമെന്ന് മോഹിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ പാറ്റകള്‍ വരും. വിദ്യാഭ്യാസ വകുപ്പിലാണ് തെറ്റ് സംഭവിച്ചതെങ്കില്‍, വിദ്യാഭ്യാസ മന്ത്രിയുടെ കുഴപ്പം കൊണ്ടാണ്. കാരണം, മന്ത്രിയും ജനങ്ങളും തമ്മിലാണ് ബന്ധപ്പെടുന്നത്. തെരഞ്ഞെടുത്ത് വിട്ടത് ജനങ്ങളാണ്.
ചോദ്യം ചോദിക്കുമെന്ന ഭയം എപ്പോഴുമുണ്ടാകണം. കിട്ടുന്ന അധികാരം തെറ്റു ചെയ്യാനുള്ളതല്ലെന്ന ബോധ്യമുണ്ടാകണം. അങ്ങനെയൊരു ബോധ്യം നഷ്ടപ്പെട്ടു പോയിരിക്കുന്നു. പണത്തിനു വേണ്ടി കാട്ടിക്കൂട്ടിയ അഴിമതികള്‍ എത്രയെണ്ണമാണ്. സ്വാതന്ത്ര ഇന്ത്യകണ്ട അഴിമതികളുടെ എണ്ണം നോക്കിയാല്‍ അറിയാനാകും ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടായ മാലിന്യ കൂമ്പാരങ്ങള്‍. ആ കൂമ്പാരത്തില്‍ പാറ്റകളല്ലാതെ പറവകള്‍ പിറവിയെടുക്കില്ലല്ലോ. ബ്രിട്ടീഷ് അടിമകളായിരുന്നപ്പോഴായിരുന്നു നമ്മള്‍ ഇന്ത്യാക്കാര്‍ ആയിരുന്നത്. കാരണം, സ്വാതന്ത്ര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണല്ലോ. രാജ്യം എല്ലാവര്‍ക്കുമുള്ളതാണല്ലോ. അപ്പോവും ജാതിയും മതിലുകള്‍ കെട്ടിത്തിരിച്ച് കുറച്ച് മൂഢന്‍മാര്‍ ഇരുന്നിരുന്നു. അവര്‍ക്ക് അന്നും ഇന്നും ബ്രിട്ടീഷ് അടിമത്വം തന്നെയാണ് സുഖം.
എങ്കിലും ഭൂരിപക്ഷത്തിന്റെ ആഗ്രഹംപോലെ സ്വാതന്ത്ര്യം കൈവന്നതോടെ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയ കോളനി സംസ്‌ക്കാരം കൊണ്ടുവന്നു. ഇന്ത്യ ഇന്ന് പലതരം കോളനികളാണ്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും രാഷ്ട്രീയത്തിന്റെയും കോളനികള്‍. അതിന്റെ ചെറു പതിപ്പുകള്‍ ഇങ്ങ് കേരളത്തിലെ കണ്ണൂരിലുണ്ട്. മലപ്പുറത്തുണ്ട്. അപ്പോള്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും കാണുമെന്നുറപ്പല്ലേ. ഇതിനെയെല്ലാം നീക്കം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലെങ്കിലും ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ തെരുവുകളിലൂടെ യുവരക്തം ഒഴുകുക തന്നെ വേണം. അതച് പാറ്റയായിട്ടാണെങ്കില്‍ അങ്ങനെ. ഇന്ത്യയില്‍ പാറ്റകള്‍ നിറഞ്ഞു പറക്കട്ടെ. രാഷ്ട്രീയ മാലിന്യത്തിനു മുകളില്‍ നിറഞ്ഞു പറക്കട്ടെ.
മനുഷ്യരേക്കാള്‍ മുമ്പ് ഭൂമിയുടെ അവകാശികളായി വന്നവരാണ് പാറ്റകള്‍. പറക്കാനും നടക്കാനും സാധിക്കുന്ന ചെറു പ്രാണികള്‍. ഡെല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നമ്മള്‍ കണ്ടില്ലേ. കൂടുന്തോറും വലുതായി വലുതായി വന്ന യുവതയുടെ കൂട്ടങ്ങള്‍. അമേരിക്കയില്‍ പഠിക്കുന്ന യുവാവിന് തോന്നിയ പ്രതികരണത്തിന്റെ ഭാഗമായി കൂടിയ പാറ്റകള്‍, ഇന്ത്യന്‍ ഭരണകൂടത്തെ തിരുത്തിയിരിക്കുന്നു. ചെറിയ കാര്യമാണോ. ഇന്ത്യയിലെ പ്രതിപക്ഷത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും വരെ തെരുവിലിറക്കി. പ്രതിഷേധം അതിരുകടന്നുവെന്ന് പറഞ്ഞ് തല്ലിച്ചതച്ചു. അപ്പോഴും പിരിഞ്ഞുപോകാന്‍ മടിക്കാതെ ചേര്‍ന്നുചേര്‍ന്നു പറക്കുകയായിരുന്നു പാറ്റകള്‍. അവര്‍ ഡെല്‍ഹി മുഴുവന്‍ ഇളക്കി മറിച്ചു. അവര്‍ ചത്താലും പിന്നോട്ടു പോകില്ലെന്ന് വാശി പിടിച്ചു. ചിറകുകള്‍ കരിച്ചു. കാലുകള്‍ തല്ലിയൊടിച്ചു. എന്നിട്ടും, അവര്‍ പോരാട്ടം കടുപ്പിക്കുകയാണ് ചെയ്തത്.
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളൊന്നും കൂട്ടിയാല്‍ കൂടാത്ത വിധം പാറ്റകള്‍ ജന്തര്‍ മന്തറിലേക്ക് പറന്നുകൊണ്ടേയിരുന്നു. പോലീസിന് തല്ലിയിട്ടും കാര്യമില്ലെന്ന് മനസ്സിലായി. തല്ലുന്നത്, നാളത്തെ ഇന്ത്യയെയാണെന്ന തിരിച്ചറിവ് പോലീസിനും ഭരണകൂടത്തിനുമുണ്ടായി. അതോടെ പിടിവാശി മാറ്റി തെറ്റു തിരുത്തി മന്ത്രി രാജിവെച്ചു. ഇനിയും അവര്‍ പറക്കും. ഇനിയും അവര്‍ വരുമെന്ന ഭയം ഭരണകൂടത്തിനുണ്ട്. ഒന്നുമല്ലെന്ന് പറയുന്നിടത്തു നിന്നും പാറ്റകള്‍ക്ക് ചിറകു മുളച്ചു തുടങ്ങും.
- പാറ്റകളെ കുറിച്ച്
ഏതാണ്ട് 320 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആവിര്‍ഭവിച്ച കാര്‍ബണീഷ്യസ് കാലഘട്ടത്തിലെ ഏറ്റവും പുരാതനമായ ഒരു ജീവി വര്‍ഗമാണ് പാറ്റകള്‍(കൂറകള്‍). പക്ഷെ ആദ്യകാല പൂര്‍വികരില്‍ ആന്തരിക ഓവിപോസിറ്ററുകളില്‍ ഇല്ലായിരുന്നു. പാറ്റകള്‍ മറ്റു സമാന ഇതര ജീവിയ്ക്കളെ പോലെ, വലിച്ചു കുടിക്കുന്നതിനുള്ള പ്രത്യേക വായ്ഭാഗമോ മറ്റോ ഇല്ലാത്ത സാധാരണ ജീവിയാണ് .
പറക്കാനും നടക്കാനും സാധിക്കുന്ന ഒരു ചെറുപ്രാണിയാണ് പാറ്റ അഥവാ കൂറ . ഇവ പകര്‍ച്ചവ്യാധികള്‍ പകര്‍ത്തുന്ന ജീവികളില്‍ ഉള്‍പ്പെട്ടതാണ്. ഇവ ലോകത്തില്‍ 30 തരത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാറ്റകളില്‍ ഏറ്റവും നന്നായി അറിയപെടുന്ന ഇനം അമേരിക്കന്‍ പാറ്റയാണ് (ശാസ്ത്രീയനാമം: Periplaneta americana). അമേരിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു. നമ്മുടെ വീടുകളിലും പരിസരത്തും മറ്റും കാണപ്പെടുന്ന പലപ്പോഴും നാം നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഷഡ്പദം ആണ് പാറ്റ . വളരെയേറെ ചരിത്ര പാരമ്പര്യമുള്ള ഒരു ജീവിയാണ് പാറ്റ .നമുക്കും മുന്‍പേ ഈ ഭൂമുഖത്ത് ഉത്ഭവിച്ചവയാണ് ഇവ. ജുറാസിക് കാലം മുതല്‍ക്കേ ഇവ ഈ ഭൂമിയില്‍ കാണപ്പെട്ടിരുന്നു.
നമ്മുടെ അടുക്കളയിലെയും തീന്‍ മേശയിലെയും , രാത്രി സന്ദര്‍ശകനായ ഈ പ്രാണി പകല്‍ സമയങ്ങളില്‍ ഒളിച്ചിരിക്കുന്നത് ഓടകളിലും, ഓവുകളിലും, ചാലുകളിലും, വിടവുകളിലും മറ്റ് ഇരുട്ടുള്ള സ്ഥലങ്ങളിലും ആണ്. ശരിയായി സംരക്ഷിക്കാത്ത കക്കൂസും സെപ്ടിക് ടാങ്കും ഒളിച്ചിരിക്കാനും ഭക്ഷണത്തിനും ആയി ഈ പ്രാണികള്‍ ഇഷ്ടപ്പെടുന്നു .ഇവയുടെ വദന ഭാഗങ്ങളില്‍, ശരദിയില്‍, വിസര്‍ജ്യത്തില്‍ ; എന്തിന് ,ശരീരം ആസകലം രോഗാണുക്കള്‍ കാണപ്പെടുകയും ചെയ്യാം. രോഗാണുക്കള്‍ക്ക് ഇവയുടെ ശരീരത്തില്‍ രൂപ മാറ്റം ഒന്നും സംഭവിക്കുന്നില്ല . പക്ഷെ, മെക്കാനിക്കല്‍ ആയി നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും ഇവ രോഗാണുക്കളെ സംക്രമിപ്പിക്കുന്നു . അങ്ങനെ , ഈച്ചകളെപ്പോലെ , കോളറ, വയറിളക്കം , വയറുകടി , സന്നിപാത ജ്വരം , എ -മഞ്ഞപ്പിത്തം, പിള്ളവാതം, ചില വിര ബാധ തുടങ്ങി എച്ച് 1 എന്‍ 1 പനിവരെ പകര്‍ത്തുവാന്‍ പാറ്റകള്‍ക്ക് സാധിക്കും . ആഹാരം തേടി ആണ് പാറ്റകള്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ എത്തപ്പെടുന്നത്. പ്രത്യേകിച്ചു, രാത്രി ഭക്ഷണശേഷം പാത്രങ്ങള്‍ കഴുകി വൃത്തി ആക്കിയും, ഭക്ഷണവും അവശിഷ്ടങ്ങളും അടച്ചു സൂക്ഷിച്ചും പാറ്റകളെ ഒഴിവാക്കാം.
















