കെ.എസ്.ആര്‍.ടി.സിയുടെ വാഹനശേഷി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാനുമായി നടപ്പാക്കുന്ന ബസ് റീഫര്‍ബിഷ്‌മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയ 14 ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് ഇന്ന് നടക്കും. തിരുവനന്തപുരം കിഴക്കേക്കോട്ട സിറ്റി ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി ജോണ്‍ ബസ്സുകള്‍ സര്‍വീസിനായി നിരത്തിലിറക്കും.
- പഴയ ബസ്സുകള്‍ക്ക് പുതിയ മുഖം
കാലപ്പഴക്കം വന്നെങ്കിലും സാങ്കേതികമായി മികച്ച രീതിയില്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്ന പഴയ ബസ്സുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവയുടെ വിവിധ ഭാഗങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി മികച്ച നിലവാരത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. നിലവില്‍ ബി.എസ് മൂന്ന്, ബി.എസ് നാല് വിഭാഗങ്ങളില്‍പ്പെടുന്ന ബസ്സുകളാണ് റീഫര്‍ബിഷ് ചെയ്യുന്നത്. ബസ്സുകളുടെ അകവും പുറവും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനൊപ്പം വാഹനങ്ങളുടെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍, സീറ്റുകള്‍, ലൈറ്റിങ്, തറ, ജനലുകള്‍ തുടങ്ങിയവയെല്ലാം പ്രത്യേകമായി പരിശോധിച്ച് നവീകരിക്കും.
- മലിനീകരണം ഗണ്യമായി കുറയും
റീഫര്‍ബിഷ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബസ്സുകളുടെ എഞ്ചിന്റെ പ്രവര്‍ത്തന നിലവാരവും പ്രത്യേകം പരിശോധിക്കുന്നുണ്ട്. പ്രകടനത്തില്‍ പിന്നാക്കം നില്‍ക്കുന്ന എഞ്ചിനുകള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി റീകണ്ടീഷന്‍ ചെയ്യും. ഇത്തരത്തില്‍ റീകണ്ടീഷനിങ് നടത്തിയ ബസ്സുകളില്‍ മലിനീകരണ തോത് 80 മുതല്‍ 85 ശതമാനം വരെ കുറഞ്ഞതായി പരിശോധനാ ഫലങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഇത് വാഹനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം മലിനീകരണം കുറയ്ക്കാനും സഹായകമാണ്.
- യാത്രാസേവന നിലവാരം ഉയരും
മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസ്സുകളെ പുനരുജ്ജീവിപ്പിച്ച് കൂടുതല്‍ കാലം സര്‍വീസില്‍ നിലനിര്‍ത്താന്‍ പദ്ധതിയിലൂടെ സാധിക്കും. പുതിയ ബസ്സുകള്‍ വാങ്ങുന്നതിനൊപ്പം തന്നെ കെഎസ്ആര്‍ടിസിയുടെ നിലവിലെ വാഹനശേഷി പരമാവധി ഫലപ്രദമായി ഉപയോഗിക്കാനും ബസ്സുകളുടെ ഉപയോഗകാലം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. നവീകരിച്ച ബസ്സുകള്‍ ആകര്‍ഷകമായ രൂപത്തിലും മെച്ചപ്പെട്ട സൗകര്യങ്ങളിലുമാണ് നിരത്തിലിറങ്ങുന്നത്.
കെഎസ്ആര്‍ടിസിയുടെ സേവന നിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ ഇത് വഴിയൊരുക്കും. നിലവിലുള്ള വാഹനശേഷിയെ പരമാവധി പ്രയോജനപ്പെടുത്തി ബസ് ഫ്‌ലീറ്റിന്റെ കാര്യക്ഷമത, വിശ്വാസ്യത, സുരക്ഷ, യാത്രാസൗകര്യം എന്നിവ ഉയര്‍ത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് റീഫര്‍ബിഷ്‌മെന്റ് പദ്ധതി. ലഭ്യമായ വിഭവങ്ങളെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി മികച്ച പൊതുഗതാഗതം ഉറപ്പാക്കാനുള്ള കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതി കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍.
















