താന്‍ അഭിനയിച്ച ദി സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ അതിനെ ഒരു പ്രൊപ്പഗണ്ടാ ചിത്രമെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നുവെന്ന് ബോളിവുഡ് താരം വിക്രാന്ത് മാസി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിക്രാന്ത് തന്റെ മനസ്സ് തുറന്നത്. ഈ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ കടുത്ത അധിക്ഷേപങ്ങളും ഭീഷണികളും കേള്‍ക്കേണ്ടി വന്നു. ഗോധ്ര ട്രെയിന്‍ തീവെയ്പ്പിനെ ആസ്പദമാക്കിയാണ് ആ ചിത്രം നിര്‍മ്മിച്ചത്. സബര്‍മതി എക്‌സ്പ്രസ് കത്തിയെരിച്ച സംഭവത്തെക്കുറിച്ചാണ് സിനിമ സംസാരിച്ചത്. ഒരുപാട് ചീത്തകേള്‍ക്കേണ്ടി വന്നു.
ചിലര്‍ നേരിട്ട് ഭീഷണിപ്പെടുത്തി. ചിലര്‍ തന്റെ വാട്‌സാപ്പ് നമ്പറും കാര്‍ നമ്പറും പരസ്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒപ്പം ചിത്രത്തിന്റെ റിലീസിന് ശേഷം തനിക്ക് കടുത്ത സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിക്രാന്ത് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന വിഷലിപ്തമായ പ്രതികരണങ്ങള്‍ തന്നെ മാനസികമായും ശാരീരികമായും തളര്‍ത്തി. തന്റെ കുഞ്ഞ് ചെറുപ്പമായിരുന്ന ഘട്ടത്തിലുണ്ടായ ഈ അധിക്ഷേപങ്ങള്‍ മാനസികമായി വളരെയധികം ബാധിച്ചിരുന്നു. ‘അന്ന് എന്റെ മകന്‍ ജനിച്ചിട്ടേയുള്ളൂ. അവന് വെറും ആറുമാസം പ്രായം. അത് എന്നെ വല്ലാതെ ബാധിച്ചു. ഞാനിത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയുകയും ചെയ്തു.
എന്നാല്‍ അതിനു ശേഷം, വിമര്‍ശിച്ചവരും ഭീഷണി മുഴക്കിയവരെല്ലാം ഭീരുക്കളാണെന്നു ബോധ്യമായി. ആളുകള്‍ എന്നെക്കുറിച്ച് എന്ത് സംസാരിക്കുന്നു എന്നത് എനിക്ക് വിഷയമേ അല്ലാതായി. അത് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ കുടുംബമാണ് എന്റെ ഉത്തരവാദിത്തം എന്നതാണ് പ്രധാനം. അവര്‍ക്ക് ഉത്തരം പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്നും വിക്രാന്ത് മാസി പറഞ്ഞു.
ധീരജ് സര്‍ണ സംവിധാനം ചെയ്ത് 2024 നവംബര്‍ 15ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘ദി സബര്‍മതി റിപ്പോര്‍ട്ട്’. 2002 ഫെബ്രുവരി 27-ന് ഗുജറാത്തിലെ ഗോധ്രയില്‍ വച്ച് സബര്‍മതി എക്‌സ്പ്രസ്സ് ട്രെയിന്‍ കത്തിക്കുകയും 59 പേര്‍ മരിക്കുകയും ചെയ്ത യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുരന്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സംഭവസ്ഥലത്തേക്ക് ക്കപ്പെടുന്ന സമര്‍ കുമാര്‍ എന്ന പത്രപ്രവര്‍ത്തകന്റെ വേഷമാണ് വിക്രാന്ത് മാസ്സി ചിത്രത്തില്‍ അവതരിപ്പിച്ചത്. അദ്ദേഹത്തെ കൂടാതെ റാഷി ഖന്നയും റിധി ദോഗ്രയും ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
നെറ്റ്ഫ്‌ലിക്‌സ് പരമ്പരയായ ‘മുസാഫിര്‍ കഫേ’യിലെ അദ്ദേഹത്തിന്റെ മികച്ച അഭിനയത്തിന് വലിയ രീതിയിലുള്ള പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സീരീസിന്റെ ആദ്യ സീസണിന്റെ വിജയത്തിന് ശേഷം ഇതിന്റെ രണ്ടാം സീസണിനായുള്ള കരാര്‍ നെറ്റ്ഫ്‌ലിക്‌സ് പുതുക്കിക്കഴിഞ്ഞു, ഇതില്‍ ‘ചന്ദര്‍’ എന്ന കേന്ദ്രകഥാപാത്രമായി വിക്രാന്ത് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.