Investigation

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ഒമ്പത് ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ട്രിവാന്‍ഡ്രം ക്ലബ്ബ് സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ കേസുമായി മുന്നോട്ടു പോകുന്ന ജേക്കബ് ക്യാറ്ററേഴ്‌സിന്റെ ഓണര്‍ ജോര്‍ജ് കുര്യന്‍ ജേക്കബ് തനിക്കും ജീവനക്കാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകളും മാനസികമനായ ടോര്‍ച്ചറിംഗും വെളിപ്പെടുത്തുന്നു. ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ കണ്‍വെന്‍ഷന്‍ സെന്ററായ സുബ്രഹ്മണ്യം ഹാളില്‍ നടക്കുന്ന എല്ലാ ഫംഗ്ഷനുകളുടെ ഇവന്റ് മാനേജഡ്‌മെന്റ് കരാര്‍ 2025 മുതല്‍ ഒരു വര്‍ഷത്തേക്ക് എടുത്തതിനു ശേഷം മിക്ക പ്രോഗ്രാമുകള്‍ക്കും സെക്രട്ടറിയുടെ തിട്ടൂരവും തികഞ്ഞ അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ട്. 31.50 ലക്ഷം രൂപയുടെ ടെന്‍ഡറും ഒപ്പം 5.50 ലക്ഷം രൂപ ജി.എസ്.ടിയും ചേര്‍ത്ത് 37 ലക്ഷം രൂപയുടെ കരാറാണ് ഒരു വര്‍ഷത്തേക്ക് നല്‍കിയിരുന്നത്. കല്യാണമാണ് സുബ്രഹ്മണ്യം ഹാളില്‍ നടക്കുന്ന പ്രധാന ഇവന്റ്.

ഈ ഇവന്റിന് ഹാള്‍ ബുക്ക് ചെയ്യുമ്പോള്‍, കല്യാണ പാര്‍ട്ടിയുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ കരാര്‍ എടുത്ത ഇവന്റ് കമ്പനിക്കു നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. അതിനായി ഇവന്റ് കമ്പനിയുടെ ഒരു ജീവനക്കാരന്‍ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ സ്ഥിരമായി ഉണ്ടാകും. ക്ലബ്ബും ഇവന്റ് കമ്പനിയുടെ തമ്മിലാണ് കരാറെങ്കിലും കല്യാണ പാര്‍ട്ടിയുമായി ഇടപാടുകളും ഇവന്റുകള്‍ സംബന്ധിച്ച കാര്യങ്ങളും ഉറപ്പിക്കുന്നത് ഇവന്റ് കമ്പനിയാണ്. ക്ലബ്ബിന് കല്യാണ പാര്‍ട്ടിയുടെ വിവരങ്ങള്‍ ഇവന്റ് കമ്പനിക്കു നല്‍കുക എന്ന കടമമാത്രമേയുള്ളൂ. ഇങ്ങനെ വിവരങ്ങള്‍ നല്‍കുന്നതിനു മാത്രമാണ് 47 ലക്ഷം രൂപ കൊടുത്ത് കരാറില്‍ ഏര്‍പ്പെടുന്നത്.

ഇവന്റ് കമ്പനികള്‍ക്ക് ഇതില്‍ എന്താണ് ലാഭം എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. സുബ്രഹ്മണ്യം ഹാള്‍, തിരുവനന്തപുരത്തെ നമ്പര്‍ വണ്‍ ഹാള്‍ ആയതു കൊണ്ടുതന്നെയാണ്. ഒരു വര്‍ഷം കുറഞ്ഞത് നൂറില്‍ കൂടുതല്‍ പരിപാടികള്‍ ഇവിടെ നിന്നും കരാര്‍ കമ്പനിക്കു ലഭിക്കും. കുറഞ്ഞത് അഞ്ചു കോടിയുടെ ബിസിനസ്സ് കിട്ടുമെന്നാണ് ക്ലബ്ബിലെ അംഗങ്ങള്‍ പറയുന്നത്. സുബ്രഹ്മണ്യം ഹാലിന്റെ ടെന്‍ഡര്‍ കിട്ടുന്ന കമ്പനിക്ക് ഒരിക്കലും നഷ്ടം സംഭവിക്കില്ലെന്നും അംഗങ്ങള്‍ പറയുന്നു. ആര്‍ഭാഡത്തിന്റെ അവസാന വാക്കാണ് സുബ്രഹ്മണ്യം ഹാള്‍. ഈ ഹാള്‍ ബുക്ക് ചെയ്യുന്നവര്‍ സാധാരണക്കാര്‍ ആയിരിക്കില്ല. ഇവിടുത്തെ അലങ്കാരങ്ങളും, അതിഥി സത്ക്കാരവും കല്യാണ മണ്ഡപവും, ലൈറ്റിംഗും, ഭക്ഷണവും തുടങ്ങി എല്ലാം വ്യത്യസ്തവും പ്രത്യേകത നിറഞ്ഞതുമാണ്.

ഇവന്റ് മാനേജ്‌മെന്റ് കമ്പിനകള്‍ക്കേ ഹാളില്‍ എത്തുന്ന അതിഥികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ നല്‍കാനും, അവരെ തൃപ്തിപ്പെടുത്താനും സാധിക്കൂ. ചിട്ടയോടും, കൃത്യതയോടും, സമയനിഷ്ഠയോടും കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നതാണ് പ്രധാനം. അത്തരം ക്യാറ്ററിംഗ്-ഇവന്റ് കമ്പനികളുമായി മാത്രമേ ട്രിവാന്‍ഡ്രം ക്ലബ്ബ് കരാറില്‍ ഏര്‍പ്പെടുകയുള്ളൂ. ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും പേരുമുള്ള സ്ഥാപമാണ് ജേക്കബ് ക്യാറ്ററേഴ്‌സ്. അതുകൊണ്ടു തന്നെയാണ് സുബ്രഹ്മണ്യം ഹാളിന്റെ ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് പിടിച്ചതും. എന്നാല്‍, ട്രിവാന്‍ഡ്രം ക്ലബ്ബ് സെക്രട്ടറി ആയിരുന്ന ഡി. സന്തോഷ് കുമാര്‍ വലിയ തലവേദനകളാണ് ജേക്കബ് ക്യാറ്ററേഴ്‌സിന് സൃഷ്ടിച്ചത്. ക്ലൈന്‍സിനു മുമ്പില്‍, ഏറ്റെടുത്ത ജോലി കൃത്യമായി തീര്‍ത്തു കൊടുക്കാന്‍ കഴിയാത്തവരാക്കി ചിത്രീകരിക്കാന്‍ വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സന്തോഷ്‌കുമാര്‍ നടത്തി. തങ്ങളെ ബുദ്ധിമുട്ടിച്ച സന്തോഷിന്റെ ചെയ്തികളെ കുറിച്ച് ജേക്കബ് ക്യാറ്ററേഴ്‌സിന്റെ ഓണര്‍ പറയുന്നതിങ്ങനെ.

  • ജോര്‍ജ് കുര്യന്റെ വാക്കുകള്‍

40 വര്‍ഷത്തോളം പഴക്കമുള്ള സ്ഥാപനമാണ് ജേക്കബ് ക്യാറ്ററേഴ്. അച്ഛനായിരുന്നു ഈ സ്ഥാപനത്തിന്റെ നട്ടെല്ല്. തിരുവനന്തപുരത്തെ പ്രധാന സ്ഥാപനങ്ങളുടെയെല്ലാം ഇവന്റുകള്‍ നടത്തിയിരുന്നതും ഈ സ്ഥാപനമാണ്. പ്രധാനമായും സര്‍ക്കാര്‍ പരിപാടികളാണ് കൂടുതലായി ചെയ്തിരുന്നത്. കൂടാതെ, നാബാര്‍ഡ്, എസ്.ബി.ഐ, ഐ.എം.ജി തുടങ്ങിയ വലിയ സ്ഥാപനങ്ങളുടെ ഇവന്റുകളും സ്ഥിരമായി ചെയ്യുന്നുണ്ട്. വിശ്വാസ്യതയും കൃത്യമായ നിര്‍വ്വഹണവും, സമയവും, ഇഠപെടലും കൊണ്ടാണ് ജേക്കബ് ക്യാറ്ററേഴ്‌സ് വിവിധ സ്ഥാപനങ്ങളുടെ സ്ഥിരം ഇവന്റ് മാനേജര്‍ ആയത്. സ്ഥാപനത്തിലെ ജീവനക്കാരും അത്യധ്വാനം ചെയ്യുന്നവരാണ്.

ആദ്യമായാണ് ട്രിവാന്‍ഡ്രം ക്ലബ്ബുമായി കരാര്‍ ഉണ്ടാക്കിയത്. അതും സുബ്രഹ്മണ്യം ഹാളിന്റെ പേരും പ്രശസ്തിയും കണ്ടു കൊണ്ടു തന്നെയാണ് കരാര്‍ പിടിച്ചതും. അതുകൊണ്ടു തന്നെ ട്രിവാന്‍ഡ്രം ക്ലബ്ബുമായോ, അവിടുത്തെ മറ്റ് അംഗങ്ങലുമായോ യാതൊരു പ്രശ്‌നവും ജേക്കബ് ക്യാറ്ററേഴ്‌സിനില്ല. എന്നാല്‍, അവിടുത്തെ സെക്രട്ടറി ആയിരുന്ന സന്തോഷ്‌കുമാര്‍ തങ്ങളെ വല്ലാതെ ദ്രോഹിച്ചു. കൃത്യ സമയത്ത് ഹാള്‍ തുറന്നു തരാതിരിക്കുക, കറണ്ട് കട്ട് ചെയ്യുക, കമ്പനിയുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സമ്മതിക്കാതിരിക്കുക, സാധനങ്ങള്‍ ഇറക്കുന്നതിനും, അതിഥികള്‍ നേരത്തെ എത്തുന്നതിനുമെല്ലാം നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമായി മുന്‍ സെക്രട്ടറി ബുദ്ധി മുട്ടിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ തണുപ്പിക്കാന്‍ ഫ്രീസര്‍ ഉഫയോഗിക്കാതിരിക്കാനാണ് കറണ്ട് ഓഫാക്കുന്നത്.

ഡെക്കറേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങളെ പാര്‍ക്ക് ചെയ്യാനോ, ലോഡ് ഇറക്കാനോ സമ്മതിക്കാതെ പ്രശ്‌നമാക്കും. പോലീസിന്റെ സഹായത്തോടെ ചിലപ്പോഴൊക്കെ സാധനങ്ങള്‍ ഇറക്കേണ്ടി വന്നിട്ടുണ്ട്. ഹാള്‍ ബുക്ക് ചെയ്ത ക്ലൈന്റുകള്‍, കല്യണത്തിന് മണ്ഡപത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയാല്‍ അതും പ്രശ്‌നമാക്കും. ഹാളില്‍ നിന്നും ഇറങ്ങിപ്പോകാന്‍ വരെ പറഞ്ഞിട്ടുണ്ട്. ഒരാലുടെ ജീവിതത്തിലെ ഏറ്റവും വലിയ ചടങ്ങാണ് കല്യാണം. അതിന്റെ മുന്നൊരുക്കങ്ങള്‍ വിലിരുത്താന്‍ എത്താന്‍ പാടില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. ക്ലൈന്റിന്റെ മുമ്പില്‍ വെച്ച് തങ്ങളെ വളരെ മോശമാക്കി കാണിക്കാനും മുന്‍ സെക്രട്ടറി ശ്രമിച്ചിരുന്നു.

ഇതിനെല്ലാം ഒടുവില്‍ 2026-27 വര്‍ഷത്തെ ടെന്‍ഡര്‍ 42 ലക്ഷത്തിന് ക്വാട്ട് ചെയ്തിട്ടും കുറഞ്ഞ ടെന്‍ഡര്‍ ക്വാട്ട് ചെയ്ത കമ്പനിക്ക് നല്‍കിയാണ് ജേക്കബ് ക്യാറ്ററേഴ്‌സിനെ സന്തോഷ് കുമാര്‍ ഒഴിവാക്കിയത്. ട്രിവാന്‍ഡ്രം ക്ലബ്ബിന് കിട്ടേണ്ട തുകയാണ് ഇതിലൂടെ സന്തോഷ്‌കുമാര്‍ ഇല്ലാതാക്കിയത്. കൂടൂതല്‍ തുക ക്വാട്ട് ചെയ്ത കമ്പനിയെ ഒഴിവാക്കി സന്തോഷ് കുമാര്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിയെ എത്തിച്ചതിനു പിന്നിലും അനധികൃത സാമ്പത്തിക ഇടപാടുണ്ടോ എന്നു സംശയിക്കുന്നുണ്ട്. കാരണം, സന്തോഷിന്റെ പേരില്‍ നിരവധി സാമ്പത്തിക അച്ചടക്കമില്ലായ്മ ഇപ്പോള്‍ പുറത്തേക്കു വരുന്നുണ്ട്. എന്റെ കൈയ്യില്‍ നിന്നുതന്നെ എട്ടു ലക്ഷത്തോളം രൂപയാണ് നേരിട്ടും, ബാങ്ക് ട്രാന്‍സാക്ഷന്‍ വഴിയും വാങ്ങിയത്. ഇതു കൂടാതെയാണ് ഒരു മൊബൈല്‍ഫോണ്‍ നിര്‍ബന്ധ പൂര്‍വ്വം വാങ്ങിയെടുത്തത്.

തലസ്ഥാനത്തെ ഏറ്റവും വലുതും പേരും പ്രശസ്തിയുമുള്ള ട്രിവാന്‍ഡ്രം ക്ലബ്ബിനു തന്നെ നാണക്കേടായി മാറിയ മുന്‍ സെക്രട്ടറി സന്തോഷ് കുമാറിന്റെ പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടുക തന്നെവേണം. കാരണം, ഒരാലുടെ മോശം പ്രവൃത്തിയിലൂടെ നാറുന്നത്, ക്ലബ്ബിലെ 4500 ഓളം മെമ്പര്‍മാരും, ആ വലിയ സ്ഥാപനവുമാണ്. ജേക്കബ് ക്യാറ്ററേഴ്സ് ഇവന്റ് കമ്പനി ഓണര്‍ ജോര്‍ജ് കുര്യന്‍ ജേക്കബ് നല്‍കിയിട്ടുള്ള പരാതിയുമായി മുന്നോട്ടു പോകുമെന്നാണ് വ്യക്തമാക്കുന്നത്. കാരണം, കമ്പനിയെ അത്രമാത്രം ദ്രോഹിച്ചാണ് സാമ്പത്തിക തട്ടിപ്പും ഭീഷണിയുടെ സ്വരത്തില്‍ മൊബൈല്‍ ഫോണും തട്ടിയെടുത്തതെന്നാണ് ജോര്‍ജ് കുര്യന്‍ പറയുന്നത്.

Latest News