ഫെബ്രുവരി മുതൽ പശ്ചിമേഷ്യയിൽ അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന ഇറാനെ, സൗദി അറേബ്യയും തുർക്കിയും പാകിസ്താനും ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ കരാറിന്റെ ഭാഗമാകാൻ ക്ഷണിച്ചതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പാർലമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖാനെ മില്ലത്തിന്റെ തലവൻ മെഹ്ദി റഹീമിയെ ഉദ്ധരിച്ച് പാകിസ്താനിലെ സമാ ടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്.
ഇറാൻ ഈ വാഗ്ദാനം ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. വാർത്ത സത്യമാണെങ്കിൽ പശ്ചിമേഷ്യൻ മേഖലയിൽ വലിയൊരു മാറ്റത്തിനാണ് ഇത് വഴിയൊരുക്കാൻ പോകുന്നത്. ഇറാനിൽ ഈ വിഷയം നിലവിൽ സജീവ പരിഗണനയിലാണെന്ന് മെഹ്ദി റഹീമി ലെബനൻ ആസ്ഥാനമായുള്ള അൽ മയാദീൻ ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്.
ഇതാണ് പാക് ചാനൽ വാർത്തയാക്കിയത്. ഈ ക്ഷണം ആരാണ് അയച്ചതെന്നോ എപ്പോഴാണ് ലഭിച്ചതെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ റഹീമി പുറത്തുവിട്ടിട്ടില്ല. കൂടാതെ കരാർ ഒപ്പുവെച്ച മൂന്ന് സ്ഥാപക രാജ്യങ്ങളും ഇക്കാര്യം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടുമില്ല.