കൊച്ചി: സീരിയൽ താരം അരുൺ രാഘവനെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഗുരുതര ആരോപണവുമായി തൃശൂർ സ്വദേശി അരവിന്ദാക്ഷൻ. വീട് നിർമാണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പലതവണയായി 14 ലക്ഷം രൂപ നൽകിയെങ്കിലും പണം തിരികെ ലഭിച്ചില്ലെന്നാണ് അരവിന്ദാക്ഷന്റെ ആരോപണം. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച അരുൺ രാഘവൻ, ഇരുവരും തമ്മിലുള്ള തർക്കം നിലവിൽ കോടതിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കി.
സീരിയലുകളിലെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് അരുണുമായി പരിചയത്തിലായതെന്നും, പിന്നീട് അദ്ദേഹത്തെ മകനെപ്പോലെ കരുതി സഹായിച്ചെന്നും അരവിന്ദാക്ഷൻ പറയുന്നു. നടന്റെ ഫ്ലാറ്റ് ഇന്റീരിയർ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പണം നൽകിയതായും ബാങ്ക് ഇടപാടുകളുടെ രേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ അരുണ്‍ രാഘവന്റെ വിശദീകരണം വ്യത്യസ്തമാണ്. അരവിന്ദാക്ഷനിൽ നിന്ന് പണം വായ്പയായി വാങ്ങിയതല്ലെന്നും, തന്റെ കൈവശമുണ്ടായിരുന്ന സ്വർണവുമായി ബന്ധപ്പെട്ട ഇടപാടിന്റെ ഭാഗമായാണ് പണം ലഭിച്ചതെന്നുമാണ് നടന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട കേസ് മൂന്ന് മാസമായി ഇരിങ്ങാലക്കുട കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

















