മധ്യപ്രദേശിലെ രേവയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്ക് മുൻപുള്ള യുവതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശുപത്രിയിൽ തനിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്നും യുവതി കരഞ്ഞു പറയുന്നത് വിഡിയോയിൽ കാണാം.
രേവ ജില്ലയിലെ ഹട്‌വ സ്വദേശിനിയായ കൽപ്പനയും നവജാതശിശുവും ഇക്കഴിഞ്ഞ ഓഗസ്റ്റ് 26നാണ് പ്രസവത്തിനിടെ മരിച്ചത്. ഓഗസ്റ്റ് 25 രാത്രിയിലാണ് സഞ്ജയ് ഗാന്ധി-ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ കൽപനയെ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം രാത്രി 8:30 ഓടെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിക്കാനായിരുന്നില്ല.
പ്രസവത്തിന് മണിക്കൂറുകൾ മുൻപ് കൽപന അലമുറയിട്ട് കരയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഈ ആശുപത്രിയിൽനിന്ന് മറ്റെവിടേക്കെങ്കിലും തന്നെ കൊണ്ടുപോകണമെന്ന് അവൾ കരഞ്ഞുകൊണ്ട് കുടുംബാംഗങ്ങളോട് പറയുന്നതും വിഡിയോയിൽ കാണാം. ‘‘ഇത്തരത്തിലുള്ള ചികിത്സ തുടർന്നാൽ ഇവർ എന്നെ കൊന്നുകളയും. ഞാൻ രക്ഷപ്പെടില്ല. ദയവായി എന്നെ രക്ഷിക്കൂ, എന്റെ ജീവൻ അപകടത്തിലാണ്’’– എന്ന് കൽപന പറയുന്നത് വിഡിയോയിൽ കാണാം.
അങ്ങേയറ്റം അവശയായ നിലയിലാണ് വിഡിയോയിൽ കല്‍പനയുള്ളത്. വനിതാ വാർഡിനുള്ളിൽനിന്ന് കൽപ്പന കരയുകയും പുറത്തുപോകാൻ ശ്രമിക്കുകയും ചെയ്യുന്നത് കാണാം. ആശുപത്രിയിലെ നഴ്സുമാർ അവളെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നുണ്ട്. ‘‘നിനക്ക് ഭ്രാന്തായോ?’’ എന്ന് ഒരു ജീവനക്കാരി കൽപനയോട് ചോദിക്കുന്നതും വിഡിയോയിൽ കാണാം. ജീവനക്കാരെ വകവയ്ക്കാതെ കൽപ്പന മുന്നോട്ട് നീങ്ങുകയും കുടുംബാംഗങ്ങളുടെ അടുത്തേക്ക് എത്തി തനിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കരഞ്ഞ് പറയുകയും ചെയ്യുന്നുണ്ട്.
അനസ്തീഷ്യ നൽകിയതിന് ശേഷമാണ് കൽപനയുടെ ബോധം പോയതെന്നും അമിത അളവിൽ അനസ്തീഷ്യ നൽകിയതാണ് മരണകാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കല്‍പനയുടെ മരണത്തിന് പിന്നാലെ കൽപനയുടെ കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുന്നിൽ തടിച്ചു കൂടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെ നഴ്സിംഗ് ഓഫിസർമാരായ സാധന വർമ്മയെയും സീമ മുജാൽഡെയും സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായിട്ടില്ലെന്നും കൃത്യമായ ചികിത്സ കൽപനയ്ക്ക് നൽകിയിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

















