India

ബാബറിൻ്റെ ജന്മനാട്ടില്‍ നിന്ന് മോദിക്ക് പുരസ്‌കാരം, RSS ഇനി അധിക്ഷേപം അവസാനിപ്പിക്കുമെന്ന് കരുതുന്നു; ഉവൈസി | owaisi-criticises-bjp-over-modi-uzbekistan-honour-babur-reference

രാഷ്ട്രീയ ചര്‍ച്ചകളില്‍ ബാബറിനെ പരാമര്‍ശിക്കുന്നതിലും ബിജെപിക്കും സംഘപരിവാറിനും എതിരെ എഐഎംഐഎം അധ്യക്ഷന്‍ വിമര്‍ശനം ഉന്നയിച്ചു

ഉസ്ബെക്കിസ്ഥാനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച പുതിയ അന്താരാഷ്ട്ര ബഹുമതിയെ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്ത് വന്നു. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഉയര്‍ന്നുവന്ന രാജ്യത്തുനിന്നാണ് ഈ ബഹുമതി ലഭിച്ചതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബാബറിന്റെ ജന്മനാട് പ്രധാനമന്ത്രിയെ ആദരിച്ച സാഹചര്യത്തില്‍, പ്രതിപക്ഷത്തെ ലക്ഷ്യമിടാന്‍ ബിജെപിക്കും സംഘ്പരിവാറിനും ഇനി എങ്ങനെ ബാബറിന്റെ പേര് ഉപയോഗിക്കാനാകുമെന്ന ചോദ്യമാണ് അസദുദ്ദീന്‍ ഉവൈസി ഉയർത്തിയിരിക്കുന്നത്

ഉസ്ബെക്കിസ്ഥാനിലെ പരമോന്നത ബഹുമതിയായ ‘ഓലി ദരാജലി ദസ്ത്ലിക്’ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചത്. താന്‍ ബിജെപിയെ അഭിനന്ദിക്കുന്നു എന്നും ബാബര്‍ ഇന്ത്യയിലേക്ക് വന്ന അതേ രാജ്യം തന്നെ പ്രധാനമന്ത്രിക്ക് ഒരു ബഹുമതി സമ്മാനിച്ചിരിക്കുന്നു എന്നുമായിരുന്നു ഇതിനോട് പ്രതികരിച്ചുകൊണ്ട് ഹൈദരാബാദ് എംപി പറഞ്ഞത്. ബാബര്‍ ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ഫെര്‍ഗാന താഴ്‌വരയില്‍ നിന്നുള്ളയാളാണെന്ന് ചൂണ്ടിക്കാട്ടിയ ഉവൈസി, വിദേശ സന്ദര്‍ശന വേളകളില്‍ ബഹുമതികള്‍ സ്വീകരിക്കുന്നത് പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഒരു പതിവ് കാര്യമായി മാറിയിട്ടുണ്ടെന്നും പറഞ്ഞു. ഇക്കാലത്ത് പ്രധാനമന്ത്രി എവിടെ പോയാലും ഒരു ബഹുമതിയുമായാണ് തിരിച്ചെത്തുന്നത് എന്നും ഒവൈസി പരിഹസിച്ചു.

രാഷ്ട്രീയ ചര്‍ച്ചകളില്‍ ബാബറിനെ പരാമര്‍ശിക്കുന്നതിലും ബിജെപിക്കും സംഘപരിവാറിനും എതിരെ എഐഎംഐഎം അധ്യക്ഷന്‍ വിമര്‍ശനം ഉന്നയിച്ചു. ‘ബാബറിന്റെ പേര് പറഞ്ഞ് നിങ്ങള്‍ എത്രയോ തവണ അധിക്ഷേപിച്ചിട്ടുണ്ട്. എന്നിട്ടും, അതേ രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു പുരസ്‌കാരം നല്‍കി ആദരിക്കുകയാണ്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ പ്രവര്‍ത്തകരും ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നവരും ഇനി ബാബറുടെ പേര് ഇത്തരത്തില്‍ പരാമര്‍ശിക്കില്ലെന്ന് ഞങ്ങള്‍ കരുതുന്നു. കാരണം ഫെര്‍ഗാന താഴ്‌വര ഉസ്‌ബെക്കിസ്ഥാനിലാണല്ലോ ഉള്ളത്. ഇനി അവര്‍ എന്തു പറയും? എന്നും അദ്ദേഹം പരിഹസിച്ചു.

മധ്യേഷ്യന്‍ രാജ്യമായ ഉസ്‌ബെക്കിസ്ഥാനിലെ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി മോദിക്ക് ആ രാജ്യത്തെ വിദേശ നേതാക്കള്‍ക്കുള്ള പരമോന്നത ബഹുമതിയായ ‘ഒലി ദരാജലി ദോസ്ത്ലിക്’ ഓര്‍ഡര്‍ ഞാറാഴ്ച സമ്മാനിച്ചത്. ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും സൗഹൃദവും ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഈ ബഹുമതി നല്‍കിയത് എന്നായിരുന്നു ഉസ്‌ബെക്കിസ്ഥാന്‍ അറിയിച്ചിരുന്നത്. ‘പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ദൃഢമായ ബന്ധത്തിന് ഞാന്‍ ഇത് സമര്‍പ്പിക്കുന്നു’ എന്ന് നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

നേതൃപാടവത്തിനും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലെ സംഭാവനകള്‍ക്കും അംഗീകാരം എന്ന് വിശേഷിപ്പിച്ച് മുപ്പതോളം രാജ്യങ്ങള്‍ പ്രധാനമന്ത്രി മോദിക്ക് നല്‍കിയ ഉന്നത ഭരണകൂട-സിവില്‍ ബഹുമതികളുടെ പട്ടികയിലേക്കാണ് ഉസ്‌ബെക്കിസ്ഥാന്റെ ഈ ബഹുമതിയും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഇന്തോനേഷ്യ തങ്ങളുടെ പരമോന്നത സിവില്‍ ബഹുമതിയായ ‘ബിന്‍താങ് അദിപുര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ’ മോദിക്ക് സമ്മാനിച്ചിരുന്നു. സീഷെല്‍സ് തങ്ങളുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍’ ജൂണില്‍ മോദിക്ക് സമ്മാനിച്ചിരുന്നു. ഇസ്രായേലിന്റെ ‘മെഡല്‍ ഓഫ് ദി നെസെറ്റ്’ ബഹുമതി ലഭിക്കുന്ന ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. റഷ്യന്‍ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്തല്‍’, അമേരിക്കന്‍ ഉന്നത ബഹുമതികളിലൊന്നായ ‘ലീജിയന്‍ ഓഫ് മെറിറ്റ്’ എന്നിവയും മോദിക്ക് ലഭിച്ചിരുന്നു.

STORY HIGHLIGHT :  owaisi-criticises-bjp-over-modi-uzbekistan-honour-babur-reference