മസ്കത്ത്: വിമാനയാത്രക്കാരുടെ അവകാശങ്ങൾ കൂടുതൽ ശക്തമാക്കി ഒമാൻ. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുക, ഓവർബുക്കിങ് മൂലം യാത്ര നിഷേധിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ലഭിക്കേണ്ട പരിചരണവും നഷ്ടപരിഹാരവും സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ വ്യവസ്ഥകൾ പുറത്തിറക്കി.
രണ്ട് മണിക്കൂർ വൈകിയാൽ ഭക്ഷണവും പാനീയവും
വിമാനം രണ്ട് മണിക്കൂർ വൈകിയാൽ യാത്രക്കാർക്ക് ലഘുഭക്ഷണവും പാനീയങ്ങളും നൽകണം. മൂന്ന് മണിക്കൂർ വൈകുന്ന സാഹചര്യത്തിൽ ഭക്ഷണവും നൽകേണ്ടതാണ്. ഈ സൗകര്യങ്ങൾ നൽകുന്നതിൽ എയർലൈൻ വീഴ്ച വരുത്തിയാൽ യാത്രക്കാരന് നഷ്ടപരിഹാരം ആവശ്യപ്പെടാം.
ആറ് മണിക്കൂറിലേറെ വൈകിയാൽ സൗജന്യ ഹോട്ടൽ
വിമാനം ആറ് മണിക്കൂറിലേറെ വൈകുന്ന സാഹചര്യത്തിൽ യാത്രക്കാരന് സൗജന്യ ഹോട്ടൽ താമസവും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യവും എയർലൈൻ നൽകണം.
ആറ് മണിക്കൂറിലേറെ വൈകുന്ന വിമാനത്തെ റദ്ദാക്കിയതിന് തുല്യമായാണ് പുതിയ വ്യവസ്ഥയിൽ പരിഗണിക്കുന്നത്.
വിമാന റദ്ദാക്കലിന് 260 റിയാൽ വരെ
യാത്ര പുറപ്പെടുന്നതിന് 14 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര വിമാനം റദ്ദാക്കിയാൽ, സാഹചര്യങ്ങൾക്കനുസരിച്ച് യാത്രക്കാരന് 108 മുതൽ 260 ഒമാനി റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കാം.
ലഗേജ് വൈകിയാലും നഷ്ടപരിഹാരം
ലഗേജ് വൈകിയെത്തുന്ന സാഹചര്യത്തിലും യാത്രക്കാരന് അവകാശങ്ങളുണ്ട്. ലഗേജ് വൈകുന്ന ആദ്യ ദിവസത്തിന് 78 ഒമാനി റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കാം. അടിയന്തര ആവശ്യങ്ങൾക്കായി ചെലവാകുന്ന തുകയ്ക്ക് പരമാവധി 680 ഒമാനി റിയാൽ വരെ അവകാശപ്പെടാനാകുമെന്നും വ്യവസ്ഥ വ്യക്തമാക്കുന്നു.
21 ദിവസത്തിനകം ലഗേജ് ലഭിച്ചില്ലെങ്കിൽ അത് നഷ്ടപ്പെട്ടതായി കണക്കാക്കും.
ഓവർബുക്കിങ് മൂലം യാത്ര നിഷേധിച്ചാൽ
ഓവർബുക്കിങ് കാരണം യാത്രക്കാരന് വിമാനത്തിൽ കയറാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എയർലൈൻ പകരം യാത്രാ സൗകര്യം ഒരുക്കണം. യാത്രക്കാരൻ പകരം യാത്ര നിരസിക്കുകയാണെങ്കിൽ ടിക്കറ്റ് തുകയും അതിന് തുല്യമായ നഷ്ടപരിഹാരവും നൽകേണ്ടതുണ്ട്.
പരാതിക്ക് 15 ദിവസത്തിനകം മറുപടി
യാത്രക്കാരുടെ പരാതികൾക്ക് എയർലൈനുകൾ 15 പ്രവൃത്തിദിവസത്തിനുള്ളിൽ മറുപടി നൽകണം. ഈ സമയപരിധിക്കുള്ളിൽ പരിഹാരം ലഭിച്ചില്ലെങ്കിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയെ സമീപിക്കാം.
മോശം കാലാവസ്ഥയിലും യാത്രക്കാർക്ക് സംരക്ഷണം
മോശം കാലാവസ്ഥ ഉൾപ്പെടെയുള്ള അസാധാരണ സാഹചര്യങ്ങളിൽ സാമ്പത്തിക നഷ്ടപരിഹാരത്തിൽ ഇളവുണ്ടാകാം. എന്നാൽ ഇത്തരം സാഹചര്യങ്ങളിലും യാത്രക്കാർക്ക് മൂന്ന് ദിവസം വരെ താമസവും ഭക്ഷണവും നൽകേണ്ട ബാധ്യത എയർലൈനുകൾക്കുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കുന്നു.
ഒമാനിൽ നിന്ന് യാത്ര ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള വിമാനയാത്രക്കാർക്ക് പുതിയ വ്യവസ്ഥകൾ ഏറെ പ്രാധാന്യമുള്ളതാണ്. യാത്ര തടസ്സപ്പെടുന്ന സാഹചര്യത്തിൽ തങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്ന് യാത്രക്കാർ അറിഞ്ഞിരിക്കണമെന്നതാണ് പ്രധാന സന്ദേശം.

















