അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പിൽ മലയാളി നഴ്സിന് 25,000 ദിർഹം സമ്മാനം. അബുദാബിയിൽ കുടുംബത്തോടൊപ്പം കഴിയുന്ന ബിനോദ് സെബാസ്റ്റ്യൻ (41) ആണ് ഭാഗ്യം സ്വന്തമാക്കിയ മലയാളി. മലയാളിക്ക് പുറമെ ബംഗ്ലാദേശ്, ഫിലിപ്പീൻസ് സ്വദേശികളായ മൂന്ന് പ്രവാസികൾക്കും 25,000 ദിർഹം വീതം സമ്മാനം ലഭിച്ചു.
പത്ത് വർഷമായി അബുദാബിയിൽ താമസിക്കുന്ന ബിനോദ്, സുഹൃത്തുക്കളായ അഞ്ച് പേരടങ്ങുന്ന സംഘത്തോടൊപ്പം കഴിഞ്ഞ കുറേ വർഷങ്ങളായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ സംഘത്തിലെ ഒരു സുഹൃത്ത് എടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി സമ്മാനം ലഭിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തുക ദൈനംദിന ആവശ്യങ്ങൾക്കും കുടുംബച്ചെലവുകൾക്കുമായി ഉപയോഗിക്കാനാണ് ബിനോദിന്റെ തീരുമാനം.
അൽ ഐനിൽ 17 വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി കമറുൾ ഇദ്‌രീഷ് മിയാ (40), അബുദാബിയിലെ ഓപ്പറേഷൻസ് സപ്പോർട്ട് ജീവനക്കാരനായ ഫിലിപ്പീൻസ് സ്വദേശി ജയ് മൈക്കൽ പെറാൾട്ട ഗിനെസ് (43), അജ്മാനിൽ ബിസിനസ് നടത്തുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് മാമൂൻ (31) എന്നിവരാണ് മറ്റ് വിജയികൾ.
കുടുംബാംഗങ്ങളുടെ ജനനത്തീയതികളും വിവാഹ വാർഷിക തീയതിയും ചേർത്തെടുത്ത നമ്പറാണ് ജയ് മൈക്കൽ പെറാൾട്ട ഗിനെസിന് ഭാഗ്യം കൊണ്ടുവന്നത്. അതേസമയം, കമറുൾ സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിലാണ് സമ്മാനം നേടിയത്. സമ്മാനത്തുക കുടുംബത്തിനായി ഭാവിയിൽ ബിസിനസ് തുടങ്ങാൻ ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഓഗസ്റ്റ് മാസത്തെ ബിഗ് ടിക്കറ്റ് പ്രമോഷന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ സെപ്റ്റംബർ 3ന് നടക്കുന്ന ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹത്തിന്റെ വമ്പൻ സമ്മാനവും പ്രഖ്യാപിക്കും. അഞ്ച് പേർക്ക് 100,000 ദിർഹം വീതം സമ്മാനവും ലഭിക്കും.

















