കേരളത്തിലെ നാടൻ ചായക്കടകളിലെയും തട്ടുകടകളിലെയും ഏറ്റവും പ്രശസ്തമായ ഒരു നാലുമണി പലഹാരമാണ് പരിപ്പുവട. കടലപരിപ്പും ചെറിയ ഉള്ളിയും പച്ചമുളകും മസാലകളും ചേർത്ത് മൊരിയിച്ചെടുക്കുന്ന ഈ ലഘുഭക്ഷണം ചൂടൻ ചായയോടൊപ്പം കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇത്തവണ പരിപ്പ് ഒഴിവാക്കി ഒരു വ്യത്യസ്ത വട പരീക്ഷിച്ചാലോ? പരിപ്പിന് പകരം ഗ്രീൻ പീസ് ഉപയോഗിച്ച് തയാറാക്കുന്ന ക്രിസ്പി ഗ്രീൻ പീസ് വടയാണിത്. പുറത്ത് നല്ല ക്രിസ്പിയും അകത്ത് സോഫ്റ്റുമായ ഈ വട ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ കോമ്പിനേഷനാണ്.
ചേരുവകൾ
ഗ്രീൻ പീസ് – 1 കപ്പ്
സവാള – 1
പച്ചമുളക് – 2
വെളുത്തുള്ളി – 2–3 അല്ലി
കറിവേപ്പില – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
മൈദ – 1–2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗ്രീൻ പീസ് വെള്ളത്തിൽ നന്നായി കുതിർത്തെടുക്കുക. കുതിർത്ത പീസ് അധികം വെള്ളമില്ലാതെ മിക്സിയിലിട്ട് ചെറുതായി അരച്ചെടുക്കുക. പൂർണമായും പേസ്റ്റ് ആക്കേണ്ടതില്ല; ചെറിയ തരികൾ അവശേഷിക്കുന്നതാണ് വടയ്ക്ക് നല്ല ടെക്സ്ചർ നൽകുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പും മൈദയും ചേർത്ത് എല്ലാം നന്നായി മിക്സ് ചെയ്ത് വടയുടെ മാവ് തയാറാക്കുക. മാവ് ചെറിയ ഉരുളകളാക്കി കൈകൊണ്ട് പരത്തി വടയുടെ ആകൃതിയിലാക്കാം. ശേഷം ചൂടായ എണ്ണയിൽ ഇട്ട് ഇരുവശവും നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ക്രിസ്പി ഗ്രീൻ പീസ് വട റെഡി! ചൂട് ചായയ്ക്കൊപ്പം കഴിച്ചുനോക്കൂ… പതിവ് പരിപ്പുവടയ്ക്ക് ഒരു കിടിലൻ വെറൈറ്റി തന്നെ

















