ഹാസ്യനടനിൽ നിന്ന് തമിഴ് സിനിമയിലെ മുൻനിര നായകനിലേക്ക് ഉയർന്ന നടൻ സൂരി, സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് നേരിട്ട കടുത്ത അപമാനങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മനസ്സുതുറന്നു. ഗലാട്ട ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ഒരു മുൻനിര സൂപ്പർതാരവും പ്രശസ്ത കൊമേഡിയനും ഒന്നിച്ച സിനിമയുടെ സെറ്റിൽ വെച്ച് നായകനിൽ നിന്നും സംവിധായകനിൽ നിന്നും നേരിട്ട വലിയ അപമാനത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്.
‘ഒരു പ്രമുഖ ഹാസ്യനടനും മുൻനിര സൂപ്പർതാരത്തിനുമൊപ്പമുള്ള രംഗങ്ങളിൽ ഞാൻ അഭിനയിച്ചിരുന്നു. അതൊരു വലിയ വഴിത്തിരിവാകുമെന്ന് ഞാൻ കരുതി. എന്നാൽ മോണിറ്ററിൽ ഷൂട്ട് കണ്ടതിന് ശേഷം നായകനും സംവിധായകനും രഹസ്യമായി സംസാരിച്ചു, പെട്ടെന്ന് എല്ലാം മാറിമറിഞ്ഞു. പുതിയതായി വന്ന നടന് ധരിക്കാനായി എന്റെ ഷർട്ട് ഊരിമാറ്റാൻ അവർ എന്നോട് ആവശ്യപ്പെട്ടു. എന്റെ ഷർട്ട് കോസ്റ്റ്യൂം വണ്ടിയിലേക്ക് വലിച്ചെറിയപ്പെട്ടു. അവർ മറ്റൊരാളെ വെച്ച് രംഗം ചിത്രീകരിക്കുന്നതിനിടയിൽ, അരയിൽ ഒരു തോർത്ത് മാത്രം ചുറ്റിപ്പിടിച്ച് വസ്ത്രങ്ങൾ തേടി സെറ്റിൽ നിൽക്കേണ്ട അവസ്ഥയായിരുന്നു എനിക്ക്,’ സൂരി പറഞ്ഞു.
ആ സംഭവം ആ സമയത്ത് കടുത്ത വേദനയും അപമാനവും ഉണ്ടാക്കിയെങ്കിലും, അതൊരു വലിയ വഴിത്തിരിവായി മാറി. ഉപകാരങ്ങളെയോ ബന്ധങ്ങളെയോ ആശ്രയിക്കാതെ, സ്വന്തം കഴിവിനെ മാത്രം ആശ്രയിച്ച് സിനിമാമേഖലയിൽ വിജയം നേടണമെന്ന തന്റെ നിശ്ചയദാർഢ്യത്തെ ആ തിരിച്ചടി കൂടുതൽ ശക്തമാക്കുകയാണ് ചെയ്തതെന്നും സൂരി പറഞ്ഞു.ചെന്നൈയിൽ എത്തിപ്പെട്ട കാലത്ത് നേരിട്ട പട്ടിണിയെക്കുറിച്ചും 50 രൂപ മാത്രം ലഭിച്ച ആദ്യ പ്രതിഫലത്തെക്കുറിച്ചും താരം സംസാരിച്ചു. ‘വിശപ്പും അപമാനവും വഞ്ചനയും വേദനയുമെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇന്ന് എനിക്ക് ലഭിക്കുന്ന ഓരോ വിജയവും, അന്ന് എന്നെയും എന്റെ കുടുംബത്തെയും വഞ്ചിച്ചവർക്കുള്ള മറുപടിയായി കണ്ട് ഞാൻ മുന്നോട്ട് പോകുന്നു,’ സൂരി കൂട്ടിച്ചേർത്തു.

















