എപ്പോള്‍ വേണമെങ്കിലും മുങ്ങാമെന്ന അവസ്ഥയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന കപ്പല്‍ പോലെയാണ് മലയാളം വാര്‍ത്താ ചാനലായ ബിഗ് ടി.വി. ഇത് ഒരതിശയോക്തിയോ, വസ്തുതകള്‍ക്കു നിരക്കാത്തതോ അല്ല. തെളിവുകള്‍ സംസാരിക്കുന്നതാണ്. ‘ബിഗ് ഫാമിലി ടീം’ എന്ന ബിഗ് ടി.വിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍, ചാനല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അയിരൂര്‍ തന്നെ എഴുതിയിരിക്കുകയാണ്. ഇനി അധിക ദൂരം ഈ ചാനല്‍ ഇപ്പോഴുള്ള എല്ലാ ആഘോഷങ്ങളുമായി മുന്നോട്ടു പോകില്ല എന്നാണ് അനില്‍ അയിരൂരിന്റെ വാട്‌സാപ്പ് ചാറ്റിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഹൈദ്രാബാദിലെ ചാനലിന്റെ സ്റ്റുഡിയോയും മറ്റു സംവിധാനങ്ങളും പൂട്ടിയതിനു ശേഷം ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലേക്ക് പറിച്ചു നട്ടിരുന്നു.
അതിനു ശേഷം ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടിയാന്‍ തുടങ്ങി. സാമ്പത്തികമായ പ്രതിസന്ധി തന്നെയാണ് കാരണമെന്ന് അവിടെയുള്ളവര്‍ തന്നെ കാണിച്ചു തന്നു. കാറില്‍ പോയിരുന്നവര്‍ ഓട്ടോയിലേക്കും ഊബറിലേക്കും യാത്രകള്‍ മാറ്റി. ക്യാമറാമാന്‍മാര്‍ മറ്റു സ്ഥാപനങ്ങളിലേക്കു ചാടിത്തുടങ്ങി. വാര്‍ത്തകള്‍ ശേഖരിക്കാന്‍ പോലും വാഹനങ്ങള്‍ ഇറക്കാനാവാതെയായി. അതായത് പെട്രോളും ഡീസലും അടിക്കാന്‍ പോലും പണമില്ലാത്ത സ്ഥിതിയെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അതിനിടയിലാണ് അനില്‍ അയിരൂരിന്റെ ഈ വലയി വെളിപ്പെടുത്തല്‍ കുടുംബത്തെയാകെ ഞെട്ടിച്ചത്. മാസ അവസാനം ശമ്പളം അക്കൗണ്ടുകളില്‍ വന്നൊരു കാലമുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ക്ക് ഇനി ഓര്‍മ്മിക്കാനേ കഴിയൂ. അതിന്റെ സൂചനയെന്നോണമാണ് അനില്‍ അയിരൂര്‍ ബിഗ് ടി.വി കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ മെസേജ് ഇട്ടിരിക്കുന്നത്.
അനില്‍ അയിരൂരിന്റെ മെസേജ് ഇങ്ങനെ
‘അടുത്ത മാസം മുതല്‍ എല്ലാ 15-ാം തീയതിയുമായിരിക്കും ശമ്പളം നല്‍കുക… ഇത് എന്റെ തീരുമാനമാണ്. അതും രണ്ടു തവണയായിട്ടായിരിക്കും ..ആദ്യം മുപ്പതിനായിരത്തില്‍ താഴെയുള്ള സംഖ്യ നല്‍കും. അങ്ങനേ മതി…കഷ്ടപ്പെട്ട് ജീവിച്ചാല്‍ മതി’
(‘Next month onwards salary will be releesed every 15th…This is my decetion
And that too part by part …and first to below thirty thousand
angane mathy
kashtapetu jeevicha mathi’)
അതായത്, ഇതുവരെ വളരെ ലാവിഷായി ചെലവഴിച്ച് ജീവിക്കുകയായിരുന്നു ബിഗി ടി.വി ഫാമിലി എന്നാണ് മനസ്സിലാകുന്നത്. വിഭവങ്ങളെല്ലാം തീര്‍ന്നപ്പോള്‍, ഇനിയുള്ള ദിവസങ്ങള്‍ ചുരുങ്ങിയും ചുരുക്കിയും ജീവിക്കാനാണ് മാനേജ്‌മെന്റ് പറയുന്നത്. വലിപ്പം ചാനലിന്റെ പേരില്‍ മാത്രമാക്കി, ചുരുങ്ങിക്കൂടാന്‍ തീരുമാനിച്ചതോടെ പുറത്തു ചാടാന്‍ മാനസികമായും ശാരീരികമായും തയ്യാറെടുത്തവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ലക്ഷങ്ങള്‍ പ്രതിഫലം മോഹിച്ചും, കണ്ണുതള്ളിയുമൊക്കെ പോവരെല്ലം പെട്ടു. ചെലവഴിച്ച പണം പോലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത സ്ഥിതിയലാണ് മാനേജ്‌മെന്റ്. അപ്പോള്‍ നിലവിലെ അവസ്ഥയിലെങ്കിലും ചാനല്‍ മുന്നോട്ടു കൊണ്ടു പോകാന്‍ എങ്ങനെ സാധിക്കും. പരസ്യം കിട്ടാതെയും, വാര്‍ത്തകള്‍ ബ്രേക്ക് ചെയ്യാനാകാതെയും ചാനല്‍ പ്രതിസന്ധികളുടെ നടുവിലാണ്.
ഹൈദ്രാബാദില്‍ നിന്നും ചാനലിന്റെ പ്രവര്‍ത്തനം കൊച്ചിയിലേക്ക് മാറ്റിയതിനു ശേഷം ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലേക്കു നീങ്ങിയെന്നതിന് വ്യക്തമായ തെളിവാണ് ചീഫ് എഡിറ്റര്‍ അടക്കമുള്ളവരുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍. സമീപ കാലത്തെങ്ങും ഇല്ലാത്ത വിധം ഫോട്ടോഷൂട്ടും, ഫാമിലി ഫോട്ടോയുമൊക്കെ നിറച്ചാണ് ഫേസ്ബുക്കില്‍ സജീവമാകുന്നത്. തിരക്കില്ലാത്തവരും, തിരക്കാന്‍ ആളില്ലാതെ വരുമ്പോഴുമൊക്കെയാണ് സമയം ചെലവഴിക്കാനും, നമ്മള്‍ ഇവിടെയൊക്കെ ഉണ്ടെന്ന് അറിയിക്കാനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമാക്കുന്നത്. കപ്പല്‍ ഓടിക്കുന്നവര്‍ക്കേ അത് എപ്പോള്‍ മുങ്ങുമെന്ന് അറിയാനാകൂ. കപ്പലിലെ മറ്റു ജീവനക്കാരും, യാത്രക്കാരും മുങ്ങിത്താഴുമ്പഴോ മുങ്ങാന്‍ തുടങ്ങുമ്പോഴോ മാത്രമേ മനസ്സിലാക്കൂ. അതുപോലെയാണ് ബിഗ് ടി.വിയിലെ കാര്യങ്ങളും.
ബിഗ് ടി.വിയുടെ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ കുടുംബത്തിന്റെ നാഥന്‍ അയച്ച മെസേജ് തന്നെ ചോര്‍ന്നിരിക്കുകയാണ്. കുടുംബത്തില്‍ നിന്നുണ്ടായ ഈ ചോര്‍ച്ചയാണ് കപ്പല്‍ മുങ്ങുന്നു എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. ഇനി എത്രനാള്‍ കൂടി ഈ വലിയ ചാനല്‍ സഞ്ചരിക്കുമെന്ന മാത്രമാണ് കാത്തിരുന്നു കാണേണ്ടത്.

















