ബോക്‌സ് ഓഫിസ് ഹിറ്റായ ‘പ്രേമലു’വിന്റെ രണ്ടാം ഭാഗം മുടങ്ങാൻ കാരണം നടൻ നസ്‌ലിൻ ആവശ്യപ്പെട്ട ഭീമമായ പ്രതിഫലമാണെന്ന് സംവിധായകനും ചലച്ചിത്ര നിരൂപകനുമായ ആലപ്പി അഷ്‌റഫ്.
സംവിധായകനും നായകനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളോ സ്ക്രിപ്റ്റിലെ അതൃപ്തിയോ അല്ല സിനിമ മുടങ്ങാൻ കാരണമെന്നും, പകരം നസ്‍ലിൻ ആവശ്യപ്പെട്ട വൻ തുക കേട്ട് നിർമാതാക്കളും സംവിധായകനും അമ്പരന്നുപോവുകയായിരുന്നെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
നസ്‍ലിൻ അഭിനയിക്കാൻ തയ്യാറായിരുന്നുവെങ്കിലും തങ്ങളെ കൈപിടിച്ചുയർത്തിയ നിർമാണ കമ്പനിയോടും സംവിധായകനോടുമുള്ള പ്രതിബദ്ധത താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആലപ്പി അഷ്‌റഫിന്റെ വിമർശനം. “ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്, അതിനായി അവർ വേറെ വഴി നോക്കട്ടെ” എന്ന് സംവിധായകൻ ഗിരീഷ് എ.ഡി അടുത്തിടെ നടത്തിയ പ്രസ്താവന ഈ പ്രതിഫല തർക്കത്തിന്റെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
തന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ ‘പ്രേമലു’വിലൂടെയും ഭാവനാ സ്റ്റുഡിയോസ് എന്ന ബാനറിലൂടെയുമാണ് നസ്‍ലിൻ വലിയ താരനിരയിലേക്ക് ഉയർന്നുവന്നത്. ഒന്നാം ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം വലിയ പ്രതീക്ഷയോടെയാണ് ഗിരീഷ് എ.ഡി രണ്ടാം ഭാഗത്തിന്റെ പ്ലാനുകളുമായി മുന്നോട്ട് പോയത്. എന്നാൽ ചിത്രത്തിൽ നായകനായ നസ്‍ലിന്റെ അസാന്നിധ്യം പ്രൊജക്റ്റിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.

















