മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.
വിദേശത്തേക്ക് ഹവാല ഇടപാടുകൾ നടത്തിയതിൽ വീണയുടെ പങ്കാളിയും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കുണ്ടെന്നാണ് ഇ.ഡി കൈമാറിയ 25 പേജുള്ള കത്തിലെ പ്രധാന ആരോപണം.
ഹവാല കടത്തിനായി 16 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതായി ഇ.ഡി കണ്ടെത്തൽ. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും കൊടുവള്ളി സ്വദേശിയായ ഹവാല ഇടപാടുകാരനും ഗ്രൂപ്പിലുണ്ടെന്നും, ഒരു നമ്പർ ‘മിനിസ്റ്റർ റിയാസ്’ എന്നാണ് സേവ് ചെയ്തിരിക്കുന്നതെന്നും കത്തിൽ പറയുന്നു.
2024 മെയ് മാസത്തിൽ അടക്കം വീണയും റിയാസും ദുബായിലേക്ക് ഒരുമിച്ചു പോയത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ആയിരുന്നുവെന്ന് ഇഡി പറയുന്നു. വീണയ്ക്ക് ദുബൈയിൽ വസ്ത്രവ്യാപാരം നടത്തുന്നതിന് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിക്കാൻ ആയിരുന്നു ലക്ഷ്യമെന്ന് ഇഡിയുടെ കത്തില്‍ പറയുന്നു.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടക വീട്ടിൽ മേയ് 27ന് ഇഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തതാണ് ഈ രേഖ എന്ന് ഇഡി അവകാശപ്പെടുന്നു.
വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകർപ്പും സംസ്ഥാന പൊലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച കത്തിലുണ്ട്. ഈ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും ഇഡി പറയുന്നു.
















