Qatar

ബാബ് അൽ മൻദബ് കൂടി അടച്ചാൽ പ്രത്യാഘാതം താങ്ങാനാകില്ല: ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ

സമുദ്ര പാതയായ ബാബ് അൽ മൻദബ് കൂടി അടച്ചിട്ടാൽ ഉണ്ടാകുന്ന ആഘാതം താങ്ങാൻ ലോകത്തിന് കഴിയില്ലെന്ന് ഖത്തർ. സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും സമാധാന ശ്രമങ്ങൾക്കായി ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ഖത്തർ വ്യക്തമാക്കി.

സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

മേഖലയിൽ സുസ്ഥിര സമാധാനം കൈവരിക്കുന്ന സമഗ്രമായ കരാറിലെത്തേണ്ടതിന്റെ പ്രാധാന്യവും ഖത്തർ ഊന്നിപ്പറയുന്നു.

ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ പ്രതികരിച്ചു.

സമുദ്രസഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഏതൊരു നീക്കത്തിനുമെതിരെ ലോകം മുഴുവൻ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

“ഹോർമൂസ് കടലിടുക്ക് അടച്ചതിന്റെ ദുരിതം ലോകം ഇതിനകം തന്നെ അനുഭവിക്കുന്നുണ്ട്. അതിനാൽ ബാബ് അൽ-മൻദബ് കടലിടുക്ക് കൂടി അടച്ചിടുന്നതിന്റെ ആഘാതം താങ്ങാൻ ലോകത്തിന് കഴിയില്ല” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇരു കടലിടുക്കുകളിലൂടെയുമുള്ള ഗതാഗതം തടസ്സപ്പെടുന്നത് ലോകത്താകമാനം വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.