പ്രശസ്ത സിനിമാ താരങ്ങളായ അംബികയും സഹോദരി രാധയും തമ്മിലുള്ള കുടുംബവഴക്കും സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും തമിഴ്-മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു.
തനിക്കെതിരെ സഹോദരി രാധ ഉന്നയിച്ച 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ അംബിക പൂർണ്ണമായും തള്ളി.
ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അംബിക രാധയ്‌ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്.
തന്റെ അറിവില്ലാതെ ചെന്നൈയിലെ കോടികൾ വിലമതിക്കുന്ന എ.ആർ.എസ്. ഗാർഡൻ വിൽക്കാൻ രാധ ശ്രമിച്ചുവെന്നും, തന്റെ സ്വർണവും 50 സെന്റ് ഭൂമിയും രാധയും ഭർത്താവ് രാജശേഖരനും ചേർന്ന് തട്ടിയെടുത്തെന്നും അംബിക ആരോപിച്ചു.
രാധ തനിക്ക് നൽകാനായി നൽകിയ ചെക്ക് ബാങ്കിൽ ബ്ലോക്ക് ചെയ്തത് അവൾ തന്നെയാണ്. സ്റ്റുഡിയോയുടെ ഷെയറുമായി ബന്ധപ്പെട്ടും വസ്തുവകകളെച്ചൊല്ലിയും തങ്ങൾ തമ്മിൽ നിരവധി കേസുകളുണ്ട്. രാധ തനിക്ക് ഏകദേശം 97 കോടിയോളം രൂപ നൽകാനുണ്ടെന്നും അംബിക വ്യക്തമാക്കി.
കുടുംബത്തിലെ പ്രശ്നങ്ങൾ വീട്ടിൽ ഒതുക്കിതീർക്കാൻ ശ്രമിച്ചപ്പോഴാണ് രാധ തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുമായി എത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, അംബികയും സഹോദരൻ മല്ലികാർജുൻ കുഞ്ഞൻ നായരും ചേർന്ന് തന്റെ ചെക്കുകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാരോപിച്ച് രാധ ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് അംബിക രാധയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുന്നത്.















