കുവൈത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് വകുപ്പും എമർജൻസി പോലീസും സംയുക്തമായി നടത്തിയ വിപുലമായ മിന്നൽ പരിശോധനയിൽ വൻതോതിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി.
സെപ്റ്റംബർ 14 മുതൽ 20 വരെയുള്ള ഒരാഴ്ചക്കാലയളവിൽ നടപ്പിലാക്കിയ പരിശോധനകളിൽ മാത്രം 28,890 ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിയത്.
പൊതുജനങ്ങളിൽ നിന്നും ഗതാഗത വിഭാഗത്തിന് ലഭിച്ച 3,030 പരാതികളിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണാനും ഈ പരിശോധനകളിലൂടെ സാധിച്ചിട്ടുണ്ട്.
റോഡുകളിലെ സുരക്ഷാ പരിശോധനയ്ക്കിടെ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 243 പേരാണ് അധികൃതരുടെ പിടിയിലായത്. ഇതിൽ വഞ്ചനാ കേസുകളിലും മറ്റ് ക്രിമിനൽ കേസുകളിലും അന്വേഷണം നേരിടുന്ന 29 വാണ്ടഡ് പ്രതികളും ഉൾപ്പെടുന്നു.
കൂടാതെ, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങിയ 35 പേരെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാതിരുന്ന അഞ്ചുപേരെയും പരിശോധനാ സംഘം പിടികൂടിയിട്ടുണ്ട്.
സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ 15 പേരെ മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ കസ്റ്റഡിയിലേക്ക് മാറ്റി. ഈ കാലയളവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 1,315 വാഹനാപകടങ്ങളിൽ ട്രാഫിക് പട്രോളിംഗ് വിഭാഗം ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിൽ 182 അപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇതിനുപുറമെ എമർജൻസി പൊലീസ് നടത്തിയ പ്രത്യേക ഡ്രൈവിലൂടെ 1,349 ട്രാഫിക് ലംഘനങ്ങൾ കൂടി കണ്ടെത്തി. വിവിധ കേസുകളിൽ പെട്ട 102 വാണ്ടഡ് പ്രതികളെയും ഇഖാമ കാലാവധി തീർന്ന 90 പേരെയും രേഖകളില്ലാത്ത 36 പേരെയും പിടികൂടാൻ ഈ പരിശോധനയിലൂടെ സാധിച്ചു. ജനങ്ങളിൽ നിന്ന് ലഭിച്ച 878 അടിയന്തര സഹായ അഭ്യർത്ഥനകളിലും പൊലീസ് കൃത്യസമയത്ത് ഇടപെട്ട് സേവനങ്ങൾ നൽകി.















