യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി കേന്ദ്രസർക്കാർ പുതിയ ടെൻഡർ ക്ഷണിച്ചു. സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നടപടി.
വിസ, പാസ്‌പോർട്ട് സേവന കരാർ മാറ്റിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ മൂന്ന് മാസത്തിനകം പുതിയ ടെൻഡർ വിളിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
യു.എ.ഇയിൽ നിലവിൽ സേവനം നൽകുന്ന അൽഹിന്ദ് ഗ്ലോബൽ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാം. ഇന്ന് മുതൽ ഒക്ടോബർ 26 വരെയാണ് പുതിയ ടെൻഡർ സമർപ്പിക്കാനുള്ള സമയം. നവംബർ 27 നകം നടപടികൾ പൂർത്തിയാക്കി പുതിയ സ്ഥാപനത്തിന് കരാർ നൽകുമെന്ന് നയതന്ത്രകാര്യാലയങ്ങൾ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.
ഇന്ത്യയിലേക്കുള്ള വിസ നടപടികൾ, ഇന്ത്യക്കാരുടെ പാസ്പോർട്ട് നടപടികൾ എന്നിവ നൽകുന്ന 15 കേന്ദ്രങ്ങളാണ് യു.എ.ഇയിൽ തുറക്കേണ്ടത്. നേരത്തേ സേവനം പുറംജോലി കരാർ നൽകിയത് ചോദ്യം ചെയ്ത നടപടി കോടതി കയറിയതിനാൽ മുമ്പ് ടെൻഡർ ലഭിച്ച അൽഹിന്ദ് ഗ്ലോബൽ എന്ന സ്ഥാപനമാണ് യു.എ.ഇയിൽ പാസ്പോർട്ട് വിസാ സേവനങ്ങൾ നൽകുന്നത്. ഇവരുടെ പതിനാറ് കേന്ദ്രങ്ങൾ ഇപ്പോൾ യു.എ.ഇയിൽ പ്രവർത്തിക്കുന്നുണ്ട്.















