ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2026 അധ്യായന വർഷത്തെ പ്രവേശന തീയതി ഒക്ടോബർ 5 വരെ നീട്ടി. ഡ്യുവൽ ഡിഗ്രി സൗകര്യത്തോടെ ഒപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 30 യു.ജി, പി.ജി പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സാക്ഷരതാ മിഷന്റെ കീഴിൽ തുല്യതാ പരീക്ഷ പാസ്സായവർക്കും ഈ അവസരം പ്രയോജനപ്പെടുത്തി ബിരുദത്തിന് പ്രവേശനം നേടാം. ഇതിനായി സംസ്ഥാന സാക്ഷരതാ മിഷന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലും അഡ്മിഷൻ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്നീ വെബ്സൈറ്റുകൾ വഴി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.
പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ല: പ്രായപരിധിയോ മാർക്കോ നോക്കാതെ അഡ്മിഷൻ നേടാം. അഡ്മിഷന് ടി.സി നിർബന്ധവുമില്ല.
യോഗ്യത: പ്ലസ് ടു, പ്രീ-ഡിഗ്രി അല്ലെങ്കിൽ സർക്കാർ അംഗീകൃത 2/3 വർഷ ഡിപ്ലോമയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് താൽപ്പര്യമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനും (PG) ചേരാം.
തൊഴിൽ ചെയ്യുന്നവർക്ക് അനുയോജ്യം: സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പഠനം തുടരാൻ ഏറ്റവും സൗകര്യപ്രദമായ പഠനക്രമമാണ് ഒരുക്കിയിട്ടുള്ളത്.
തുല്യ അംഗീകാരം: യു.ജി.സി റെഗുലേഷൻ 22(2020) പ്രകാരം ഈ ഓപ്പൺ സർവകലാശാലയുടെ ഡിഗ്രി റെഗുലർ ഡിഗ്രിക്ക് തുല്യവും പി.എസ്.സി/യു.പി.എസ്.സി ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗങ്ങൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസത്തിനും പൂർണ്ണമായും സ്വീകാര്യവുമാണ്.
കേരളത്തിലുടനീളം 5 റീജണൽ സെന്ററുകളുടെ പരിധിയിലായി 79 പഠനകേന്ദ്രങ്ങളും 100-ൽ പരം പരീക്ഷാ കേന്ദ്രങ്ങളും യൂണിവേഴ്സിറ്റിക്കുണ്ട്. യു.ജി.സി നിർദ്ദേശപ്രകാരം പ്രവേശനത്തിന് മുന്നോടിയായി വിദ്യാർത്ഥികൾ നിർബന്ധമായും എ.ബി.സി ഐഡിയും (ABC-id) ഡി.ഇ.ബി ഐഡിയും (DEB-id) എടുത്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in സന്ദർശിക്കുകയോ 0474-2966841, 9188909901, 9188909902 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.















