കൈക്കൂലി വാങ്ങിയതിനും ജോലിക്കിടയിൽ വീഴ്ച വരുത്തിയതിനും തമിഴ്നാട്ടിൽ അഞ്ച് പൊലീസുകാർക്കു നേരെ വകുപ്പുതല നടപടി. സസ്പെൻഷൻ മുതൽ പിരിച്ചുവിടൽ വരെയുള്ള നടപടികളാണ് പൊലീസുകാർക്ക് ലഭിച്ചത്. തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കു ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിനാണ് നടപടിയുണ്ടായത്. വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവർക്കെതിരെ നടപടിയെടുത്തത്.
തിരുനെൽവേലി സിറ്റിയിലെ മേലപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സോർണ രാജിന് 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് സസ്പെൻഷൻ ലഭിച്ചത്. വാഹന പരിശോധനയ്ക്കിടെ ഒരു ഇരുചക്ര വാഹന യാത്രക്കാരനിൽ നിന്നും ഗൂഗിൾ പേ വഴിയാണ് പൊലീസ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടത്. അതേസമയം ചെന്നൈയിൽ പതിനായിരം രൂപയാണ് കൈക്കൂലി ചോദിച്ചത്. ബീച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശിവരാജിനെയും കോൺസ്റ്റബിൾ വിവേകിനെയും ആണ് ഇവിടെ സസ്പെൻഡ് ചെയ്തത്. കൈക്കൂലി വാങ്ങിയ സംഭവത്തിൽ മാധവരം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
പുഴൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരീശ്വരനെതിരെ ഗുരുതരമായ അച്ചടക്ക നടപടിയാണ് സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. 2024-ൽ അണ്ണാനഗർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് മാരീശ്വരനെതിരെ അഴിമതി ആരോപണം ഉയർന്നത്.















