ആക്കുളം കട്ടേല ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിന് സമീപം മണ്ണിടിഞ്ഞ് റോഡ് തകര്‍ന്ന സംഭവത്തില്‍ മണ്ണു മാഫിയകള്‍ക്കെതിരായി ജില്ലാ അധികൃതര്‍ കൈക്കൊണ്ട നടപടികള്‍ എന്തായി. മണ്ണു മാഫിയകള്‍ ശക്തി പ്രാപിക്കുന്ന ഇടങ്ങളാണ് ആക്കുളം ബൈ പാസ് ഭാഗങ്ങള്‍. ഇവിടങ്ങളില്‍ നിന്നും മണ്ണെടുക്കലും, ഭൂമി നികത്തലും ക്വട്ടേഷന്‍ എടുത്താണ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം അധികൃതരുടെ നിശബ്ദാനുവാദത്തോടെയാണ്. ആരെങ്കിലും പരാതിപ്പെടുമ്പോഴോ, ഏന്തെങ്കിലും ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴോ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും കണ്ണില്‍ പൊടിയിടുന്ന നടപടികളെടുത്ത് പ്രശ്‌നം ഒതുക്കും. മാധ്യമങ്ങളും, നിയമ നടപടികളും തീരുന്നതോടെ വീണ്ടും ടിപ്പറുകള്‍ മണ്ണുമാന്തി യന്ത്രങ്ങളെ ഇറക്കും. ഇതാണ് തലസ്ഥാനത്ത് സ്ഥിരമായി നടക്കുന്നത്.
ആക്കുളം കട്ടേല ഗുഡ് ഷെപ്പോര്‍ഡ് സ്‌കൂളിനു സമീപത്തും സംഭവിച്ചത് മറ്റൊന്നല്ല. എന്നാല്‍, അധികൃതര്‍ അതിനെ മണ്ണിടിച്ചിലായും, പ്രകൃതി ദുരന്തമായുമൊക്കെ മാറ്റിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പക്ഷെ, അനധികൃതമായി മണ്ണെടുത്തതും, അതുവഴി അവിടെ വലിയ ഗര്‍ത്തം രൂപപ്പെട്ടതുമാണ് അപകട കാരണം. ഈ കാരണം, ശാസ്ത്രീയമായി തെളിയിക്കപ്പെടാനോ, കൂടുതല് കാരണങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനോ ജിയോളജി വകുപ്പോ റവന്യൂ വകുപ്പോ തയ്യാറാകില്ല. കാരണം, മണ്ണു മാഫിയകളുടെ മാസപ്പടിയും വര്‍ഷപ്പടിയും വാങ്ങുന്നവരാണ് സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നത്. മണ്ണു മാഫിയകളെ നിയന്ത്രിക്കുന്നത് തലസ്ഥാനത്തെ ഗുണ്ടാസംഘവും, രാഷ്ട്രീയ നേതാക്കളുമാണ്. ഇവര്‍ക്കെതിരേ സാധാരണ ജനങ്ങള്‍ എന്തു പറഞ്ഞാലും അപകടമാണ്.
ആക്കുളത്ത് മണ്ണിടിഞ്ഞുണ്ടായ ഗര്‍ത്തത്തിലേക്ക് ഫ്‌ളാറ്റ് വീണിരുന്നെങ്കില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വലിയ ദുരന്തത്തിന് ആരാണ് ഉത്തരം പറയുക എന്നൊരു ചോദ്യം ഇപ്പോഴും നില്‍പ്പുണ്ട്. മറുപടി പറയാന്‍ ആലില്ലെന്നു മാത്രം. സ്വകാര്യ സ്‌കൂളുമായി ബന്ധപ്പെട്ട് പുതിയ ബഹുനില കെട്ടിട സമുച്ഛയം പണിയുന്നതിനായാണ് മണ്ണ് മാറ്റിയത്. മണ്ണ് മാറ്റുന്നതിനായി നിര്‍മ്മാണം ഏറ്റെടുത്ത സ്ഥാപനം സമീപത്തെ ഒരു വ്യക്തിയ്ക്കാണ് മണ്ണ് നീക്കല്‍ കരാര്‍ നല്‍കിയത്. എന്നാല്‍ നിര്‍മ്മാണ കമ്പനി നിര്‍ദ്ദേശിച്ച അളവിന്റെ മൂന്നിരട്ടി മണ്ണ് മാറ്റിയതാണ് വന്‍ ദുരന്തത്തിന് വഴിവച്ചത്. ഇതിനെതിരേ ഇതുവരെ നടപടി ഒന്നും എടുക്കാത്തതിലാണ് ദുരൂഹത. ജിയോളജി ഉദ്യോസ്ഥരുടെയും പോലീസിന്റെയും ഒത്താശയോടെ ലക്ഷക്കണക്കിന് രൂപയുടെ മണ്ണാണ് സംഘം കടത്തിയത്.
മണ്ണ് കടത്തുന്നുവെന്ന് നിരവധി തവണ ജിയോളജി വകുപ്പിനെ അറിയിച്ചിരുന്നു. എന്നിട്ടും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ മണ്ണെടുത്ത് ഗര്‍ത്തമുണ്ടായി അതിലേക്ക് റോഡ് ഇടിഞ്ഞു വീണതോടെ വലിയ ചര്‍ച്ചയായി വാത്തയായി. ഇത്രയും വലിയ ദുരന്തം നടന്നിട്ടും മണല്‍ മാഫിയയ്ക്കെതിരെയോ ജിയോളജി ഉദ്യോഗസ്ഥര്‍ക്കെതിരെയോ നടപടി ഉണ്ടായിട്ടില്ല. ഫളാറ്റിന് നാല് മീറ്റര്‍ മാത്രം അകലെയായി രൂക്ഷമായ രീതിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. പാര്‍ശ്വഭിത്തി പൂര്‍ണ്ണമായും തകര്‍ന്ന് വലിയ വിള്ളലുകള്‍ രൂപപ്പെടുകയും ഫ്‌ളാറ്റിന് മുന്‍വശത്തെ റോഡ് ഏകദേശം 50 മീറ്റര്‍ നീളത്തിലും 15 മീറ്റര്‍ ഉയരത്തിലും ഇടിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകളോ പെര്‍മിറ്റ് നിബന്ധനകള്‍ പ്രകാരമുള്ള റീട്ടെയിനിംഗ് വാളോ നിര്‍മ്മിക്കാതെ അശാസ്ത്രീയമായാണ് സ്‌കൂള്‍ അധികൃതര്‍ മണ്ണെടുത്തതെന്ന് പറയുന്നു.















