മന്തി കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഹോട്ടലുകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഒരു അടിപൊളി ചിക്കൻ മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
യെല്ലോ ബസ്മതി അരി – ഒരു കിലോ
ചിക്കൻ – ഒരു കിലോ
കുരുമുളകുപൊടി – രണ്ടു വലിയ സ്പൂൺ
പെരുംജീരകംപൊടി – ഒരു വലിയ സ്പൂൺ
സൂപ്പ്ക്യൂബ് – രണ്ട്
എണ്ണ – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
പാൽ – ഒരു വലിയ സ്പൂൺ
പച്ചമുളക് – നാല്
തക്കാളി – ഒന്ന്
ഉപ്പ് – ആവശ്യത്തിന്
കറുവാപ്പട്ട – രണ്ട്
ഗ്രാമ്പൂ – നാല്
എണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം അരി കഴുകി ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. ശേഷം ഊറ്റി മാറ്റി വെക്കുക. പിന്നീട് ചിക്കൻ കഷണങ്ങളാക്കി രണ്ടു വലിയ സ്പൂൺ കുരുമുളകുപൊടി, ഒരു വലിയ സ്പൂൺ പെരുംജീരകംപൊടി, രണ്ട് സൂപ്പ്ക്യൂബ്, തക്കാളി പൊടിയായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ ചുവന്ന ഫൂഡ് കളറും ചേർക്കാം. അതിനുശേഷം, ചിക്കൻ കുക്കറിൽ നിരത്തുക. ഇതിനു മുകളിലേക്ക് എണ്ണ ഒഴിച്ച ശേഷം 30 മിനിറ്റ് മാറ്റി വയ്ക്കുക. ഇനി അരി വേവിക്കാനുള്ള വെള്ളം തിളപ്പിച്ച് അതിലേക്ക് രണ്ട് കറുവാപ്പട്ട, നാല് ഗ്രാമ്പൂ, ഒരു ചെറിയ സ്പൂൺ ജീരകം, കുരുമുളക്, പാകത്തിന് ഉപ്പ്, ഒരു വലിയ സ്പൂൺ എണ്ണ എന്നിവ ചേർത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ അരി ചേർത്തിളക്കി മുക്കാൽ വേവിൽ ഊറ്റി മാറ്റി വയ്ക്കുക. ശേഷം, വേവിച്ച ചോറ് കുക്കറിൽ ഇരിക്കുന്ന ചിക്കനു മുകളിൽ നിരത്തണം.
പിന്നീട്, മഞ്ഞൾപ്പൊടി പാലിൽ കലക്കിയതു ചോറിനു മുകളിൽ തളിക്കുക. പച്ചമുളകും മുകളിൽ കുത്തി വയ്ക്കുക. ഇനി ഒരു ചെറിയ പാത്രത്തിൽ കനൽ വച്ച് അതിൽ എണ്ണയൊഴിച്ച ശേഷം ചോറിനു മുകളിൽ വയ്ക്കുക. ഇനി കുക്കർ അടച്ചു വച്ച് അതിന് മുകളിൽ വെയ്റ്റ് വയ്ക്കണം. ഇനി വേവിക്കുക… ആവി മുഴുവനും പോയ ശേഷം കുക്കർ തുറന്നു ചോറും ചിക്കനും നന്നായി ഇളക്കി യോജിപ്പിക്കണം. സ്വാദിഷ്ടമായ ചിക്കൻ മന്തി തയ്യാർ.















