ട്രാൻസ്ജെൻഡർ വനിതയോട് സംവിധായകൻ മോഹൻ ജി നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ് രംഗത്ത്.
ഒരാളുടെ ലിംഗസ്വത്വത്തിന്റെ പേരിൽ അപമാനിക്കുന്നത് മാനസിക പീഡനമാണെന്നും ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാർത്തിക് സുബ്ബരാജിന്റെ ഈ പ്രതികരണം തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ഡൊറോത്തി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ട്രാൻസ്ജെൻഡർ വനിതയായ നേഘയോട് മോഹൻ ജി നടത്തിയ പരാമർശങ്ങളാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്. വിവാഹം കഴിച്ചിട്ട് എന്താണ് ചെയ്യാൻ പോകുന്നതെന്നും കുട്ടികളുണ്ടാകുമോ എന്നുമുള്ള ചോദ്യങ്ങൾ ആവർത്തിച്ച് ഉന്നയിച്ചതിനെതിരെയാണ് കാർത്തിക് രംഗത്തുവന്നത്.
നേഘയോട് നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ തനിക്ക് ഏറെ വേദനയും രോഷവും തോന്നിയെന്ന് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെയും ബന്ധങ്ങളെയും ഇത്തരത്തിൽ ചോദ്യം ചെയ്യുന്നത് യഥാർഥ ചർച്ചയല്ലെന്നും പരസ്യമായ അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഡൊറോത്തി’ സിനിമയെ ആർക്കും വിമർശിക്കാം, എന്നാൽ വിമർശനത്തിന്റെ പേരിൽ ഒരാളെ വ്യക്തിപരമായി അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. കുട്ടികളുണ്ടാകാൻ കഴിയാത്തവർക്ക് സന്തോഷത്തോടെ ജീവിക്കാൻ അവകാശമില്ലേ എന്ന് ചോദിച്ച അദ്ദേഹം, ഒരു വ്യക്തിയുടെ ജീവിതത്തിന്റെ മൂല്യം മാതാപിതാക്കളാകാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ അളക്കാനാകില്ലെന്നും വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ വ്യക്തികളെ മറ്റുള്ളവരെപ്പോലെ തുല്യരായി കാണണമെന്നും അവരുടെ വ്യക്തിത്വത്തെയും ബന്ധങ്ങളെയും മാനിക്കണമെന്നും കാർത്തിക് ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടികൾക്ക് വ്യവസ്ഥകളുള്ളതുപോലെ, ലിംഗസ്വത്വത്തിന്റെ പേരിലുള്ള വിവേചനപരമായ പരാമർശങ്ങൾ തടയാനും ശക്തമായ നടപടികൾ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാർത്തിക് സുബ്ബരാജിന്റെ പിന്തുണയ്ക്ക് നേഘ നന്ദി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ട്രാൻസ്ജെൻഡർ സമൂഹത്തോടുള്ള സമീപനവും പൊതുചർച്ചകളിൽ വ്യക്തികളുടെ അന്തസ്സും മാനിക്കേണ്ടതിന്റെ ആവശ്യകതയും വീണ്ടും ഉയർത്തിക്കാട്ടുന്നതാണ് വിവാദം.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമൂഹത്തിൽ നേരിടേണ്ടിവരുന്ന വിവേചനങ്ങളും അവരുടെ ജീവിതാനുഭവങ്ങളും ചർച്ച ചെയ്യുന്ന ചിത്രമാണ് കാർത്തിക് സുബ്ബരാജിന്റെ ‘ഡൊറോത്തി’. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ഇതിന്റെ പ്രമേയത്തെച്ചൊല്ലി വിവിധ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.















