അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന ബിജെപി രാജസ്ഥാൻ അധ്യക്ഷൻ മദൻ റാത്തോഡിന്റെ പ്രസ്താവന വൻ വിവാദത്തിൽ. പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും കടുത്ത വിമർശനവുമായി രംഗത്തെത്തി.
ജയ്പൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മദൻ റാത്തോഡിന്റെ വിവാദ പരാമർശം. പാകിസ്ഥാൻ ഇന്ത്യയുടെ അയൽരാജ്യമായതിനാൽ യുദ്ധത്തിൽ ഇന്ത്യ അയൽരാജ്യത്തിനൊപ്പം നിൽക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാൽ പ്രസ്താവന വലിയ വിവാദമായതോടെ തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന വാദവുമായി മദൻ റാത്തോഡ് രംഗത്തെത്തിയിട്ടുണ്ട്.
പരിപാടിക്കിടെ അമേരിക്കയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ നമ്മൾ പാകിസ്ഥാനൊപ്പം നിൽക്കുമെന്നും കാരണം അവർ നമ്മുടെ അയൽക്കാരാണെന്നും എന്നാൽ നമ്മൾ തമ്മിലുള്ള ഒരു പ്രശ്നമാകുമ്പോൾ നമ്മൾ ഇന്ത്യക്കൊപ്പം നിൽക്കുമെന്നുമായിരുന്നു മദൻ റാത്തോഡ് പറഞ്ഞത്. ഈ പരാമർശമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചത്.
മദൻ റാത്തോഡിനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തി. നമ്മുടെ സൈനികരെയും ജനങ്ങളെയും കൊല്ലുന്ന തീവ്രവാദ രാജ്യമായ പാകിസ്ഥാനോട് ബിജെപിക്കുള്ള സ്നേഹം ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ താൻ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന് പറയുന്ന ഈ രാജ്യദ്രോഹിക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് രാജ്യം ഉറ്റുനോക്കുകയാണെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേർത്തു.















