ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും. വ്യാഴാഴ്ച ഷാർജയിലും അൽ ഐനിലും പ്രധാന റോഡുകളിലും മരുഭൂമിയിലും മഞ്ഞുകട്ടകൾ അടിഞ്ഞുകൂടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം ജനശ്രദ്ധ നേടുന്നതിനിടെ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
രാജ്യം ശരത്കാലത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെടുന്നത്. താപനില ഉയർന്ന നിലയിൽ തുടരുന്നുണ്ടെങ്കിലും മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) നേരത്തെ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളിൽ മഞ്ഞ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.
അൽ ഐൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വാരാന്ത്യത്തോടെ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെങ്കിലും മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് അധികൃതർ അറിയിച്ചു.
മഴയും ആലിപ്പഴവർഷവും തുടരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
വരും ദിവസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾ യു.എ.ഇയിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്ക് വഴിയൊരുക്കുമോയെന്നാണ് ഇനി ശ്രദ്ധിക്കേണ്ടത്.















