അടിസ്ഥാന സൗകര്യ വികസനം കമ്പ്യൂട്ടിങ് ബിസിനസ് എന്നിവയുടെ മേധാവിയായി ഹൈദരാബാദ് സ്വദേശിയായ വിജയ് രുദ്രരാജുവിനെ നിയമിച്ച് ഓപ്പൺഎഐ. ഡാറ്റാ സെന്റർ വിപുലീകരണവും എഐ അടിസ്ഥാന സൗകര്യങ്ങളിലെ വമ്പൻ നിക്ഷേപങ്ങളും വേഗത്തിലാക്കുന്നതിനിടെയാണ് സുപ്രധാന നിയമനം. ഇലോൺ മസ്കിന്റെ എക്സ്എഐ (xAI) യിലെ പ്രവർത്തന പചിചയവുമായാണ് ഇന്ത്യൻ – അമേരിക്കൻ ടെക് എക്സിക്യൂട്ടിവായ രാജു ഓപ്പൺഎഐയിൽ എത്തുന്നത്.
2025-ൽ ഓപ്പൺഎഐയിൽ എത്തിയ രുദ്രരാജു 2026 ജൂലായിൽ കമ്പ്യൂട്ടിങ് വിഭാഗത്തിലെ ചീഫ് ടെക്നോളജി ഓഫീസറായി നിയമിക്കപ്പെട്ടിരുന്നു. ചുമതലകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതാണ് പുതിയ നിയമനം. ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്റെ നേതൃസ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന കർണാടക സ്വദേശിയായ സച്ചിൻ കട്ടിക്ക് പകരമായാണ് രുദ്രരാജു സുപ്രധാന സ്ഥാനത്തേക്ക് എത്തുന്നത്. ഇന്റലിൽനിന്ന് ഓപ്പൺഎഐയിലെത്തിയ സച്ചിൻ കട്ടി ഓപ്പൺഎയൈുടെ ഡാറ്റാ സെന്ററുകൾ ഉൾപ്പെടെയുള്ള വമ്പൻ അടിസ്ഥാന സൗകര്യ പദ്ധതികളുടെ മേൽനോട്ടം വഹിച്ചിരുന്നു.
സെമികണ്ടക്ടർ, ഇൻഫ്രാസ്ട്രക്ചർ വികസനത്തിന് ഓപ്പൺഎഐ മോഡലുകൾക്ക് എങ്ങനെ സഹായിക്കാനാകും എന്ന് പരിശോധിക്കുന്ന ജിപിടി-ഇൻഫ്രാ (GPT-Infra) എന്ന സംരംഭത്തിനും കട്ടി മേൽനോട്ടം നൽകിയിരുന്നു. ഈ പ്രവർത്തനങ്ങൾ ഇനി ഓപ്പൺഎഐയുടെ ചിപ്പ് ചീഫ് ആയ റിച്ചാർഡ് ഹോയുടെ നിയന്ത്രണത്തിലായിരിക്കും.















