ദസറ ആഘോഷങ്ങൾക്കിടയിൽ കുടുംബത്തോടൊപ്പം ബലൂൺ വിൽപനയ്ക്കെത്തിയ ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മൈസൂരു സിദ്ധലിംഗാപുര സ്വദേശി കാർത്തികിനെയാണ് (32) മൈസൂരു അതിവേഗ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2025 ഒക്ടോബർ 7-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കച്ചവടത്തിന് ശേഷം രാത്രി ദസറ ഗ്രൗണ്ടിൽ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ കുടുംബം നടത്തിയ തിരച്ചിലിനൊടുവിൽ ഗ്രൗണ്ടിന്റെ ഒരുഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നരസിംഹരാജ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് 24 മണിക്കൂറിനകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് നടന്ന തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് കാലിന് വെടിവെച്ചാണ് കീഴ്പ്പെടുത്തിയത്.
ബസ് ക്ലീനറായിരുന്ന കാർത്തിക് മുൻപും സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 2019-ൽ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാല് വർഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിൽ കഴിയവേയാണ് ഇയാൾ വീണ്ടും കുറ്റകൃത്യം ചെയ്തത്. വാദം പൂർത്തിയാക്കിയ അതിവേഗ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.















