മാക്കേക്കടവ് – നേരെകടവ് പാലം നേരിട്ട് സന്ദർശിച്ച മുൻ പൊതുമരാമത്ത് മന്ത്രിയും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരൻ മുന്നണികൾക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രംഗത്ത്.
തന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവർത്തനങ്ങളുടെ കൂടി ഫലമാണ് രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങളെന്ന് അവകാശപ്പെട്ട അദ്ദേഹം എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എടുത്ത് പറയത്തക്ക പുതിയ പദ്ധതികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തി.
യാതൊരു രാഷ്ട്രീയ വ്യത്യാസവുമില്ലാതെ അന്ന് എല്ലാ എം.എൽ.എമാർക്കും ഫണ്ട് അനുവദിച്ചിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മാക്കേക്കടവ് – നേരെകടവ് പാലത്തിന്റെ നിർമ്മാണം തന്റെ കാലത്ത് ആരംഭിച്ച്, കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഭൂരിഭാഗം പണികളും പൂർത്തിയാക്കിയതെന്ന് വ്യക്തമാക്കിയ സുധാകരൻ, എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ സങ്കുചിത മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നതെന്ന് ആഞ്ഞടിച്ചു.
പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തപ്പോഴും എല്ഡിഎഫ് ഒരു ക്ഷണക്കത്ത് തനിക്ക് തന്നില്ല. കോൺഗ്രസിന്റെയോ എൽ.ഡി.എഫിന്റെയോ ഫ്ലക്സുകളിൽ തന്റെ ചിത്രമൊന്നു വെക്കാൻ പോലും അവർ തയ്യാറായില്ല. താൻ പാർട്ടിയെ ആക്ഷേപിച്ച് മാറിയതല്ലെന്നും സ്വമേധയാ മാറി നിന്നതാണെന്നും വ്യക്തമാക്കിയ അദ്ദേഹം, താൻ മന്ത്രിയായിരുന്ന കാലത്താണ് പദ്ധതി തുടങ്ങിയെന്ന് പറയാൻ പോലും എൽ.ഡി.എഫിന് കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തി.
പാലം നിർമ്മാണത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്തം ഒന്നും രണ്ടും എൽ.ഡി.എഫ് സർക്കാരുകൾക്കാണെന്ന് തുറന്നുപറയാൻ ആർക്കെങ്കിലും ധൈര്യമുണ്ടായോ എന്ന് ചോദിച്ച അദ്ദേഹം, സ്വന്തം നേട്ടങ്ങൾ പോലും പറഞ്ഞുറപ്പിക്കാൻ കഴിയാത്ത വിധം വ്യക്തിവൈരാഗ്യം കൊണ്ടുള്ള രാഷ്ട്രീയ പാപ്പരത്വത്തിലേക്കാണ് സി.പി.എം മാറിയതെന്നും വിമർശിച്ചു.
താൻ മന്ത്രിയായിരുന്നില്ലെങ്കിൽ ഇത്തരം പാലങ്ങൾ യാഥാർത്ഥ്യമാകുമായിരുന്നോ എന്നും, ഇതിന് കൂട്ടുനിന്ന ജില്ലയിലെ ഉദ്യോഗസ്ഥരുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലം നിർമ്മാണത്തിൽ ഷാനിമോൾ ഉസ്മാന് യാതൊരു പങ്കുമില്ലെന്നും, അവരിൽ നിന്ന് ഒരു ക്ഷണം താൻ പ്രതീക്ഷിക്കുന്നില്ലെന്നും അത്രയ്ക്ക് വിശാല മനസ്കയല്ലല്ലോ അവരെന്നും അദ്ദേഹം പരിഹസിച്ചു.















