യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട അസാധാരണമായ ദുർഗന്ധത്തിന് കാരണം ഉമ്മുൽ ഖുവൈൻ തീരത്തുണ്ടായ എണ്ണച്ചോർച്ചയാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ താമസക്കാരാണ് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതായി പരാതിപ്പെട്ടത്.
സുരക്ഷാ വിലയിരുത്തലുകളും സമുദ്ര സംരക്ഷണ നടപടികളും പൂർത്തിയാകുന്നതുവരെ ഉമ്മുൽ ഖുവൈനിലെ എല്ലാ ബീച്ചുകളും തീരദേശ മേഖലകളും താൽക്കാലികമായി അടച്ചതായി മന്ത്രാലയം അറിയിച്ചു. അന്തരീക്ഷത്തിൽ പടർന്ന ദുർഗന്ധം കാരണം പൊതുജനാരോഗ്യത്തിന് യാതൊരുവിധ ഭീഷണിയുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
എണ്ണച്ചോർച്ച കണ്ടെത്തിയ ഉടൻ തന്നെ ഫെഡറൽ, പ്രാദേശിക അധികൃതരുമായി ചേർന്ന് എണ്ണ പടരുന്നത് തടയാനും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി വിദഗ്ധ സംഘം രംഗത്തിറങ്ങിയിട്ടുണ്ട്. എണ്ണച്ചോർച്ച ബാധിച്ച മേഖലകളിൽ മത്സ്യബന്ധനം നടത്തരുതെന്നും, വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.















