മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രം വയനാട് സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ അഞ്ച് വർഷത്തിന് ശേഷമാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കുറ്റപത്രം സമർപ്പിച്ചപ്പോൾ കൃത്യമായ വിവരങ്ങൾ ഇല്ലാത്തതിനാൽ കോടതി മടക്കിയിരുന്നു. പിന്നീട് രണ്ടാമത് തിരുത്തി സമർപ്പിച്ച കുറ്റപത്രമാണ് സ്വീകരിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് വർഷവും ഏഴ് മാസവും പിന്നിട്ട ശേഷമാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിക്കുന്നത്.
നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൽ കൃത്യമായ വിവരങ്ങൾ ഇല്ലാത്തതിനാലും, മരം മുറിച്ചത് സ്വന്തം ഭൂമിയിലാണോ വനം വകുപ്പിന്റെ ഭൂമിയിലാണോ എന്ന് വ്യക്തമാക്കാത്തതിനാലും കോടതി അത് മടക്കിയിരുന്നു. ഹൈക്കോടതിയുടെ സ്റ്റേ നിലനിന്നിരുന്നതും, അന്വേഷണ ഉദ്യോഗസ്ഥരും റേഞ്ച് ഓഫീസർമാരും മാറിയതുമാണ് കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടായതെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയത്. തിരുത്തി സമർപ്പിച്ച കുറ്റപത്രം 2026 സെപ്റ്റംബർ 25ന് കോടതി സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ കോടതി നടപടികൾ.















