ബ്രസീലിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ തൊഴിലാളി പാർട്ടി നേതാവ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവയ്ക്ക് വീണ്ടും ജയം. ഒക്ടോബർ 25ന് നടന്ന വാശിയേറിയ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ, വലതുപക്ഷ സെനറ്ററും മുൻ പ്രസിഡൻ്റ് ജയർ ബൊൾസൊരാനോയുടെ മകനുമായ ഫ്ലാവിയോ ബൊൾസൊരാനോയെ പരാജയപ്പെടുത്തിയാണ് 80 വയസ്സുകാരനായ ലുല നാലാം തവണയും ബ്രസീലിന്റെ പ്രസിഡന്റാകുന്നത്.
ലുലയ്ക്ക് 51.7 ശതമാനവും ഫ്ലാവിയോ ബോൾസൊനാരോയ്ക്ക് 48.2 ശതമാനവും വോട്ടുകൾ ലഭിച്ചു. ഒക്ടോബർ നാലിന് നടന്ന ആദ്യഘട്ടത്തിൽ ഫ്ലാവിയോ 47 ശതമാനവും ലുല 45 ശതമാനവും വോട്ടുകൾ നേടി പിന്നിൽ പോയിരുന്നുവെങ്കിലും, രണ്ടാം ഘട്ടത്തിൽ അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് ലുല അട്ടിമറി വിജയം നേടിയത്. ബ്രസീൽ ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം ഘട്ടത്തിലെ തോൽവിക്ക് ശേഷം ഒരാൾ രണ്ടാം ഘട്ട വിജയത്തിലൂടെ പ്രസിഡന്റാകുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, വോട്ടെടുപ്പ് സമയം നീട്ടിനൽകിയ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലാവിയോ ബോൾസൊനാരോ പരാജയം അംഗീകരിക്കാൻ വിസമ്മതിക്കുകയും ഫലം ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
മുൻ പ്രസിഡന്റ് ജയർ ബൊൾസൊരാനോ 2022-ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ 27 വർഷം വീട്ടുതടങ്കലിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് മകൻ ഫ്ലാവിയോ മത്സരത്തിനിറങ്ങിയത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വലതുപക്ഷ നേതാക്കൾ വിജയം നേടുന്നതിനിടയിലാണ് ബ്രസീലിൽ ഇടതുപക്ഷം അധികാരം നിലനിർത്തിയത്.















