മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ, പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം.
കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച 13 അംഗ മെഡിക്കൽ ബോർഡിലെ ഡോക്ടർമാരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. സ്ഥലംമാറിപ്പോയ ഡോക്ടർമാരുടെ മൊഴി ഫോണിലൂടെയും രേഖപ്പെടുത്തിയിട്ടുണ്ട്.
പരിശോധനയിൽ പുറത്തുകാണത്തക്ക വിധത്തിലുള്ള പരിക്കുകളൊന്നും വീണാ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എങ്കിലും കഴുത്തിൽ നീർക്കെട്ടും രണ്ട് നാഡികൾ തള്ളിയ നിലയിലും കണ്ടതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചത്. തുടർന്ന് വീട്ടിൽ പോകണമെന്ന് വീണാ ജോർജ് തന്നെ ആവശ്യപ്പെട്ടതിനാലാണ് മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതെന്നും ഡോക്ടർമാർ മൊഴി നൽകി.















