കൊച്ചി ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ അന്വേഷണസംഘം നടപടികൾ ശക്തമാക്കി. കേസന്വേഷണത്തിന്റെ ഭാഗമായി പതിനേഴുകാരന്റെയും അമ്മയുടെയും മൊഴികൾ ആലുവയിലെ വീട്ടിലെത്തി രേഖപ്പെടുത്തി.
പതിനേഴുകാരൻ്റെ പിതാവും അപകടമുണ്ടാക്കിയ കാറിൻ്റെ ആർസി ഉടമയുമായ അഡീഷണൽ ജഡ്ജിയുടെ മൊഴിയെടുക്കുന്നത് സംബന്ധിച്ച് അനുമതി ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങിയിട്ടുണ്ട്.
കേസിൽ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷൻ സന്ദർശിച്ച നടപടിയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് അന്വേഷണം നടത്തി ഹൈക്കോടതി രജിസ്ട്രിക്ക് സമഗ്രമായ റിപ്പോർട്ട് കൈമാറിയത്.
ജഡ്ജി സ്റ്റേഷനിലെത്തിയത് ഔദ്യോഗിക ആവശ്യത്തിനല്ലെന്നും സന്ദർശനത്തിന് മുൻപ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രസ്തുത റിപ്പോർട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണനിർവഹണ സമിതി വിശദമായി പരിശോധിക്കും. വീഴ്ച വരുത്തിയ ജില്ലാ ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സമിതി ഉടൻ കടന്നേക്കും.















