സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകൾ പ്രക്ഷോഭം കടുപ്പിക്കുന്നു. പദ്ധതി മൂലം പ്രതിസന്ധി നേരിടുന്ന വ്യവസായത്തെ സംരക്ഷിക്കണമെന്നും, വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നും ടിക്കറ്റ് നിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
രാവിലെ പത്ത് മണി മുതൽ ആരംഭിച്ച സമരത്തിൽ ഓരോ ദിവസവും രണ്ടുപേർ വീതമാണ് നിരാഹാരമനുഷ്ഠിക്കുന്നത്. നിലവിൽ സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് പോകുന്നില്ലെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പണിമുടക്കിലേക്ക് കടക്കുമെന്ന് ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രിയദർശിനി പദ്ധതി വന്നതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നും, പത്മനാഭൻ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണമെന്നുമാണ് ബസുടമകളുടെ പ്രധാന ആവശ്യം. സർക്കാരുമായി നടത്തിയ ചർച്ചകളിൽ അനുകൂലമായ നിലപാടുണ്ടാകാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്.















