ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ 8 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പും ഒരു ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ വഴിവിട്ട് കൈക്കലാക്കിയതിന്റെയും പേരില്‍ മ്യൂസിയം പോലീസ് എടുത്ത കേസില്‍ കൂടുതല്‍ നടപടി. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്നും സന്തോഷ്‌കുമാര്‍ ഉപയോഗിച്ചിരുന്ന ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. Samsung Galaxy Z Flip FEs (Model No. SM-F761B/BE, 8GB RAM, 256GB Storage) മൊബൈല്‍ ഫോണ്‍ ആണ് പിടിച്ചെടുത്തത്. സന്തോഷ് കുമാറിനെതിരേ ‘ജേക്കബ് ക്യാറ്ററേഴ്‌സ്’ ഇവന്റ് കമ്പനി എം.ഡി. ജോര്‍ജ് കുര്യന്‍ ജേക്കബ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ പടിച്ചെടുത്തിരിക്കുന്നത്. മ്യൂസം പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അന്വേഷണം ന്യൂസ് നേരത്തെ വാര്‍ത്ത ചെയ്തിരുന്നു. ഇതോടെയാണ് കേസന്വേഷണത്തിന് വേഗതയും കൃത്യതയും വന്നത്.
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ ജോര്‍ജ് കുര്യന്‍ ജോക്കബ്ബിന്റെ പരാതിയില്‍ പറയുന്ന മൊബൈല്‍ ഫോണ്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മഹറില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെയാണ് ട്രീവാന്‍ഡ്രം ക്ലബ്ബില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചത്. രണ്ടു ദിവസം മുമ്പ് പോലീസ് റെയ്ഡിനു പോയെങ്കിലും ക്ലബ്ബ് അധികൃതര്‍ ഫോണ്‍ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പരാതിയില്‍ പറയുന്ന മൊബൈല്‍ ഫോണ്‍ ക്ലബ്ബില്‍ ഉണ്ടെന്നും, അത് കോടതിയില്‍ ഹാജരാക്കേണ്ട വസ്തുവാണെന്നും കാട്ടി ട്രിവാന്‍ഡ്രം ക്ലബ്ബിന് പോലീസ് നോട്ടീസ് നല്‍കി. ഇതേ തുടര്‍ന്നാണ് ക്ലബ്ബ് അധികൃതര്‍ റെയ്ഡിന് അനുമതി നല്‍കിയതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതും. ഫോണ്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ്.
ജോര്‍ജ് കുര്യന്‍ ജേക്കബിന്റെ പരാതിയില്‍ പറഞ്ഞിരുന്ന മൊബൈല്‍ഫോണ്‍ മാത്രമാണ് പിടിച്ചെടുക്കാനായിട്ടുള്ളത്. സാമ്പത്തിക തട്ടിപ്പിലൂടെ സന്തോഷ് കുമാര്‍ കൈക്കലാക്കി 8 ലക്ഷം രൂപ കൂടി കിട്ടാനുണ്ട്. പണം കൈമാറിയതുമായുള്ള ബാങ്ക് ട്രാന്‍സാക്ഷന്റെ രേഖകള്‍ അടക്കം ജോര്‍ജ് കുര്യന്‍ ജേക്കബ് പോലീസിന് നല്‍കിയിട്ടുണ്ട്. ആ വിഷയത്തില്‍ പോലീസിന്റെ ശരിയായതും വേഗത്തിലുമുള്ള അന്വേഷണം ഉണ്ടാകേണ്ടതുണ്ട്. പരാതിയില്‍ പറഞ്ഞിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതോടെ സന്തോഷ് കുമാര്‍ പ്രതിയായ കേസ് ശരിയാണെന്ന് തെളിയുകയാണ്. തന്റെ അധികാരം ഉപയോഗിച്ച് ഒരു ഇവന്റ് കമ്പനിയെ വരുതിയിലാക്കുന്നതിനും ഭയപ്പെടുത്തിയും ഭീഷണി ഉയര്‍ത്തിയുമൊക്കെ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനും ശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാവുകയാണ്.
ജോര്‍ജ് കുര്യന്‍ ജേക്കബിന്റെ വാക്കുകള്‍
തങ്ങളുടെ ബിസിനസ്സിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമെന്ന ഉള്‍ഭയം കൊണ്ട് അന്നത്തെ ക്ലബ്ബ് സെക്രട്ടറി ആവശ്യപ്പെട്ടതെല്ലാം നിര്‍ബന്ധിതമായി കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെയും തങ്ങളെ പരമാവധി ഉപദ്രവിക്കാനും, സമൂഹത്തിനു മുമ്പില്‍ മോശക്കാരാക്കാനും, തങ്ങളുടെ ഗസ്റ്റുകളോടൊക്കെ അപമര്യാദയായി പെരുമാറാനും ശ്രമിച്ചു കൊണ്ടേയിരിക്കുകയായിരുന്നു സന്തോഷ് കുമാര്‍. മാത്രമല്ല, തന്നെക്കൊണ്ട് ലക്ഷങ്ങള്‍ വിലയുള്ള ഫോണ്‍ വാങ്ങിച്ചത് സന്തോഷ് കുമാറിന് വ്യക്തിപരമായി ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ്. മൊബൈല്‍ ഫോണും ട്രിവാന്‍ഡ്രം ക്ലബ്ബുമായി യാതൊരു ബന്ധവുമില്ല. ക്ലബ്ബിന്റെ പേരില്‍ അല്ല അത് വാങ്ങിയതും, ഉപയോഗിച്ചതും. സന്തോഷ് കുമാറിന്റെ പേരിലുള്ള സിം കാര്‍ഡാണ് അതില്‍ ഉപയോഗിച്ചിരുന്നതും. എന്നിട്ടും, മൊബൈല്‍ ഫോണ്‍ ക്ലബ്ബില്‍ നിന്നുമാണ് കണ്ടെടുത്തത്. ഇതും സന്തോഷ് കുമാറിന്റെ കൂര്‍മ്മ ബുദ്ധിയായേ കാണാനാകൂ. തന്റെ പേരിലുള്ള കേസിനെ ക്ലബ്ബിന്റെ പേരിലേക്ക് കൂട്ടിക്കെട്ടാനുള്ള ശ്രമമായിരുന്നു ഇതിലൂടെ നടത്തിയത്. എന്തായാലും, തന്നെ പറ്റിച്ച് കൈക്കലാക്കിയ എട്ടുലക്ഷം രൂപയാണ് സന്തോഷ് കുമാറില്‍ നിന്നും ഇനി
കിട്ടാനുള്ളത്. അതിനുവേണ്ടിയുള്ള നിയമ പോരാട്ടമാണ് നടത്തുന്നത്. എന്റെ പണം തിരിച്ചു കിട്ടാന്‍ വേണ്ടി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറയുന്നു.
ആകെ 9 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയത് എന്നായിരുന്നു ജോര്‍ജ് കുര്യന്‍ ജേക്കബിന്റെ പരാതി. പരാതിയിന്‍മേല്‍ മ്യൂസിയം പോലീസ് എഫ്.ഐ.ആര്‍ ഇട്ടെങ്കിലും കേസന്വേഷണത്തില്‍ വലിയ കാലതാമസം നേരിട്ടെന്ന ആക്ഷേപം പരാതിക്കാരനുണ്ടായിരുന്നു. തുടര്‍ന്ന് ഈ വിഷംയ വാര്‍ത്തയായതോടെ പോലീസ് കൂടുതല്‍ ജാഗ്രത പാലിച്ചു. കേസ് കോടതിയിലേക്ക് വിടുകയും ചെയ്തു. എന്നാല്‍, കേസ് അട്ടിമിക്കാന്‍ ശ്രമം നടന്നുവെന്ന് ജോര്‍ജ് കുര്യന്‍ ജേക്കബിന്റെ വക്കീല്‍ മനസ്സിലാക്കി. പ്രതി, സന്തോഷ്‌കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തേണ്ട കേസായിരുന്നു ഇതെങ്കിലും, ജാമ്യം ലഭിക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് കോടതിയിലേക്ക് വിട്ടത്. ഇത് സന്തോഷ് കുമറിന് കൂടുതല്‍ ഗുണം ചെയ്യുന്നതാണ്. തുടര്‍ന്ന് മ്യൂസിയം എസ്.എച്ച്.ഒയ്ക്ക് ജോര്‍ജ് കുര്യന്‍ ജേക്കബ് വീണ്ടും പരാതി നല്‍കി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ.
പ്രശ്‌നങ്ങളുടെ തുടക്കം ഇങ്ങനെ ?
ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ദൈനംദിന ഇടപാടുകളും, മറ്റ് കാര്യങ്ങളും നോക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ്. ഹാള്‍ ബുക്കിംഗ് മുതല്‍ എല്ലാ കാര്യങ്ങളിലും സെക്രട്ടറി നേരിട്ട് ഇടപെടും. 2025-26 കാലഘട്ടത്തിലെ സുബ്രഹ്മണ്യന്‍ ഹാളില്‍ നടക്കുന്ന ഇവന്റുകള്‍ ചെയ്യുന്നതിന് ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടത് ജേക്കബ് ക്യാറ്ററേഴ്‌സ് ആണ്. ജി.എസ്.ടി അടക്കം 37 ലക്ഷം രൂപയ്ക്കാണ് ഒരു വര്‍ഷത്തേക്ക് ജോര്‍ജ് കുര്യന്‍ ജേക്കബ് ടെന്‍ഡര്‍ സ്വന്തമാക്കിയത്. സുബ്രഹ്മണ്യന്‍ ഹാള്‍ ബുക്ക് ചെയ്യുന്ന ക്ലൈന്‍സിന്റെ വിവരങ്ങള്‍ ക്യാറ്ററിംഗ് കമ്പനിക്ക് കൈമാറുക, ക്യാറ്ററിംഗ് കമ്പനിക്ക് പ്രോപ്പര്‍ട്ടീസ് കൊണ്ടു വരാനും, കൊണ്ടു പോകാനും വാഹന പാര്‍ക്കിംഗ്, ഹാള്‍ കൃത്യ സമയത്ത് തുറന്നു നല്‍കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ ഉത്തരവാദിത്തം.
ക്ലൈന്‍സും ക്യാറ്ററിംഗ് കമ്പനിയുമായാണ് പിന്നീടുള്ള ഇടപാടുകള്‍ നടത്തുന്നത്. ഒരു വര്‍ഷം കുറഞ്ഞത് 100 പരിപാടികളെങ്കിലും ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്നും കിട്ടുന്നുമുണ്ട്. ഇതിലൂടെ 5 കോടിയിലധികം വരുമാനവും കിട്ടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാല്‍, ക്ലൈന്‍സിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും, ക്ലബ്ബ് അധികൃതരുടെ അനാവശ്യ ഇടപെടലിലൂടെയും വാശിയിലൂടെയും കടുംപിടുത്തങ്ങളിലൂടെയും പൂര്‍ത്തീകരിക്കുന്നതിന് കഴിയാതെ വരാറുണ്ട്. ഇതിനു പ്രധാന കാരണക്കാരന്‍ ക്ലബ്ബ് സെക്രട്ടറിയാണ്. ഇദ്ദഹമാണ് അനാവശ്യ ഇടപെടലും, നിരുത്തരവാദപരമായ സമീപനവുമായി മുന്നില്‍ നില്‍ക്കുന്നത്. മിക്ക ഇവന്റുകളിലും ഡെക്കറേഷന്‍ പ്രോപ്പര്‍ട്ടികള്‍ കൊണ്ടു വരുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യാനോ, കൃത്യ സമയത്ത്, ഹാള്‍ തുറന്നു നല്‍കുകയോ ചെയ്യില്ല.
ഓരോ ഇവന്റുകള്‍ക്കും ക്ലൈന്‍സിന്റെ വിവരങ്ങള്‍ കൈമാറുമ്പോള്‍ അതിനു തക്കതായ പ്രതിഫലം ചോദിച്ചു വാങ്ങുന്ന രീതിയും സെക്രട്ടറിക്കുണ്ട്. സുബ്രഹ്മണ്യം ഹാളിന്റെ ഒരുവര്‍ഷത്തെ ടെന്‍ഡര്‍ ക്ലബ്ബിന്റെ ബൈലോ അനുസരിച്ച് പിടിച്ചാലും, സെക്രട്ടറിയുടെ വ്യക്തിപരമായി ചില അലിഖിത നിയമങ്ങള്‍ കൂടി പാലിക്കേണ്ട ഗതികേട് വന്നു. അങ്ങനെയാണ് 9 ലക്ഷം രൂപ പല സമയങ്ങളിലായി സെക്രട്ടറി വാങ്ങിയെടുത്തത്. എന്നിട്ടും, കമ്പനിയിലെ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സെക്രട്ടറി ബോധപൂര്‍വ്വം ഒരുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. 2026-27 വര്‍ഷവും ഇതേ ക്യാറ്ററിംഗ് കമ്പനിക്ക് തന്നെ ടെന്‍ഡര്‍ നല്‍കാമെന്ന് പറഞ്ഞ് സന്തോഷ് കുമാര്‍ പണം വാങ്ങിയിരുന്നുവെന്നും ആക്ഷേപമുണ്ട്.
എന്നാല്‍, 2026-27 കാലത്തേക്ക് ജേക്കബ് ക്യാറ്ററേഴ്‌സ് ക്വാട്ട് ചെയ്ത തുകയേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത മറ്റൊരു കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയ ശേഷമാണ് സന്തോഷ് കുമാര്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഇത് ജോര്‍ജ് കുര്യന്‍ ജേക്കബിനോടു കാട്ടിയ ചതിയായിരുന്നു. കരാറും പുതുക്കിയില്ല, പണവും നഷ്ടപ്പെട്ടതോടെയാണ് ജോര്‍ജ് കുര്യന്‍ ജോക്കബ് നിയമപരമായി നീങ്ങിയത്. ഇതോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ മുന്‍ ഭാരവാഹി സന്തോഷ് കുമാര്‍ സാമ്പത്തിക തട്ടിപ്പും, ക്ലബ്ബിന്റെ സല്‍പ്പേരിന് കളങ്കവും വരുത്തിവെച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തെ പ്രശസ്തിയുള്ള ഹാളാണ് സുബ്രഹ്മണ്യന്‍ ഹാള്‍. ആ ഹാളിലെ പരിപാടികള്‍ ചെയ്യുന്നത് കമ്പനിയുടെ വിശ്വാസ്യതയ്ക്കും പ്രചാരത്തിനും വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് കണ്ടാണ് ക്ലബ്ബ് സെക്രട്ടറിയെ പിണക്കാതിരുന്നത്. സെക്രട്ടറി ചോദിക്കുമ്പോഴൊക്കെയും കൊടുക്കാന്‍ കഴിയുന്ന പണം കൊടുത്തിട്ടുണ്ട്. എന്നാല്‍, തന്നെയും കമ്പനിയെയും ചതിക്കുകയായിരുന്നു സന്തോഷ് ലക്ഷ്യമിട്ടത്. അതേസമയം, സന്തോഷിനെതിരേ പരാതിപ്പെടുമ്പോഴും ട്രീവാന്‍ഡ്രം ക്ലബ്ബിനെ താഴ്ത്തിക്കെട്ടാനോ, അവിടുത്തെ മെമ്പര്‍മാരെ മോശം പറയാനോ ജോര്‍ജ് കുര്യന്‍ ജേക്കബ് തയ്യാറല്ല.
എന്നാല്‍, തന്നെ കബളിപ്പിച്ച് സന്തോഷ് സ്വന്തമാക്കി പണവും മൊബൈലും തിരിച്ചു കിട്ടണമെന്നാണ് ജോര്‍ജ് കുര്യന്റെ ആവശ്യം.ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ സെക്രട്ടറി എന്ന പദവിയിലിരുന്നു കൊണ്ട് ലക്ഷങ്ങള്‍ പറഞ്ഞു പറ്റിച്ചു വാങ്ങാന്‍ തോന്നിയ കുരുട്ടുബുദ്ധി കൊണ്ട് സന്തോഷ് കളഞ്ഞു കുളിച്ചത് ആ ക്ലബ്ബിന്റെ സത്‌പേരാണെന്ന് മറന്നു പോകരുത്. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്തതാണ് സത്‌പേര്. അതാണ് സന്തോഷെന്ന ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ മുന്‍ സെക്രട്ടറിയിലൂടെ നഷ്ടമായിരിക്കുന്നത്.















