നൂറു ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ഇറക്കാൻ കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി. 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് E100 ഇന്ധനത്തെ എമിഷൻ പട്ടികകളിലും വാഹന പരിശോധനാ മാനദണ്ഡങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
മുമ്പ് 85% എഥനോൾ അടങ്ങിയ പെട്രോളായിരുന്നു ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കുണ്ടായിരുന്ന ഉയർന്ന മാനദണ്ഡമെങ്കിൽ, പുതിയ ഭേദഗതിയോടെ 100% എഥനോൾ ഇന്ധനം ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളുടെ ഭാരപരിധി മുൻപത്തെ 3,000 കിലോഗ്രാമിൽ നിന്ന് 3,500 കിലോഗ്രാമായും ഉയർത്തിയിട്ടുണ്ട്.
ഇന്ധനം ഏതാണെന്ന് സ്വയം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും പെട്രോളും എഥനോളും മിശ്രിതമായി ഉപയോഗിക്കാനും സാധിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിർമാണവും വിപണനവും ഇനി രാജ്യത്ത് വേഗത്തിലാകും.















