ജസ്റ്റിസ് സിരി ജഗൻ മനുഷ്യത്വമുള്ള ന്യായാധിപൻ ആയിരുന്നു എന്ന് കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ശ്രീ കെ ഹരിലാൽ പറഞ്ഞു. കൊല്ലം ബാർ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹപ്രവർത്തകരായ അഭിഭാഷകർ എന്ന നിലയിലും, ന്യായാധിപന്റെ മുന്നിൽ അഭിഭാഷകൻ എന്ന നിലയിലും, സഹ ന്യായാധിപർ എന്ന നിലയിലും ജസ്റ്റിസ് സിരി ജഗനുമായി തനിക്കു പ്രവർത്തിക്കാൻ സാധിച്ചു എന്ന് അദ്ദേഹം സ്മരിച്ചു. വളരെ സൂക്ഷ്മമായി അവലോകനം നടത്തി എഴുതുന്ന വിധി ന്യായങ്ങൾ ജസ്റ്റിസ് സിരി ജഗന്റെ പ്രത്യേകതയാണ്. ന്യായാധിപൻ എന്ന പദവിയിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം നടത്തിയ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മനുഷ്യത്വം വെളിവാക്കുന്നതാണ്. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.ബി.ശിവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, കൊല്ലം ജില്ലാ ജഡ്ജ് ശ്രീ എൻ.വി രാജു, അഡ്വ. കെ.ജി.പ്രസന്നരാജൻ, അഡ്വ. കെ.ബേബിസൺ, അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, അഡ്വ ജി.ഗോപകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ കെ.ബി.മഹേന്ദ്ര അനുശോചന പ്രമേയം അവതരിപ്പിച്ചു.
ക്യാൻസർ റെമഡി അസ്സിസ്റ്റൻസ് ബ്യൂറോ (CRAB) എന്ന സ്ഥാപനത്തിൻറെ രക്ഷാധികാരിയായി ജസ്റ്റിസ് സിരി ജഗൻ നടത്തിവന്നിരുന്ന സേവന പ്രവർത്തനങ്ങൾ അഡ്വ കെ.ബേബിസൺ വിവരിച്ചു. കാൻസർ രോഗ ചികിത്സക്കെത്തുന്ന ദരിദ്രരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസം, ഭക്ഷണം, യാത്ര സൗകര്യം എന്നിവ തികച്ചും സൗജന്യമായി ഏർപ്പെടുത്തുന്ന വലിയ സംവിധാനം മികച്ച നിലയിൽ തിരുവനതപുരം കേന്ദ്രമാക്കി നടത്തിവരികയാണ്.















