ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ഉണ്ടായത് ഉദ്യോഗസ്ഥ വീഴ്ചയെന്ന് പിഎസ്സി ചെയര്മാന് എം ആര് ബൈജുവിന്റെ മൊഴി. സാങ്കേതിക പിഴവ് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്നും മൊഴിയുണ്ട്. എന്നാല്‍, പിഎസ്സി ചെയര്‍മാന്റെ മറുപടികള്‍ തൃപ്തികരമല്ലെന്ന് ക്രൈംബ്രാഞ്ച് എസ്ഐടിയും നിരീക്ഷിക്കുന്നു. എം ആര് ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യും.
തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ തിരുത്തിയെന്നും എഴുത്തു പരീക്ഷ മാര്‍ക്കുകള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടെന്ന കമ്മീഷന് അംഗത്തിന്റെ ആരോപണം തെറ്റെന്നും മൊഴിയുണ്ട്. പലരും അവസരം കിട്ടിയപ്പോള്‍ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്നും മൊഴി. ചോദ്യങ്ങളോട് പലതിലും ബൈജുവിന് നിസഹകരണമായിരുന്നു.
ആസൂത്രണ ബോര്‍ഡിലെ പരീക്ഷ ക്രമക്കേടുമായി ഗുരുതര കണ്ടെത്തലുകളാണ് എം ആര് ബൈജുവിനെതിരെയുള്ളത്.ഒരു വര്‍ഷം കഴിഞ്ഞിട്ടും വിവരാവകാശ നിയമപ്രകാരം പരാതിക്കാരന് മറുപടി നല്‍കാത്തതും ഉദ്യോഗസ്ഥരില്‍ നിന്ന് ഇന്റര്‍വ്യൂ പാനലിലുള്ള ചെയര്മാന് എഴുത്തു പരീക്ഷയുടെ മാര്‍ക്ക് നേരത്തെ ചോര്‍ത്തിയെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
അതേസമയം, മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ തിരുവനന്തപുരത്ത് എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞദിവസം കേസിലെ രണ്ടാം പ്രതിയായ പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര് ഹരിക്കും വിരമിച്ച ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനും എതിരെ പിഎസ്സി നടപടിയെടുത്തിരുന്നു. ആര് ഹരി സസ്പെന്‍ഡ് ചെയ്യുകയും പി സതീഷിന്റെ വിരമിക്കല്‍ ആനുകൂല്യം തടയുകയാണ് പിഎസ്സി ചെയ്തത്. പിഎസ്സിയുടെ നടപടിക്ക് തൊട്ടു പിന്നാലെയാണ് ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷ ക്രമക്കേടിലെ ആദ്യ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. കോഴിക്കോട് വച്ചായിരുന്നു ക്രൈംബ്രാഞ്ച് പി സതീഷിനെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും. ആസൂത്രണം ബോര്‍ഡിലേക്കുള്ള പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ ചുമതല വഹിച്ച ഉദ്യോഗസ്ഥനാണ് ഇയാള്‍. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
Story Highlights : M. R. Baiju’s statement to crime branch SIT















