തേനി ജയില്‍ച്ചാട്ടത്തിന് പിന്നാലെ സംസ്ഥാനത്ത് ജയിലുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി തമിഴ്നാട് പൊലീസ്. ജില്ലാ ജയിലുകളിലെ എല്ലാ വാച്ച്ടവറുകളില്‍ ഡ്യൂട്ടിയിലുള്ള പ്രിസണ്‍ ഗാര്‍ഡുമാരായ ഉദ്യോഗസ്ഥര്‍ക്ക് വെടിവെയ്ക്കാനുള്ള അധികാരം നല്‍കിയതായി ജയില്‍ ഡിജിപി സന്ദീപ് റായ് റാത്തോര്‍ അറിയിച്ചു. ആക്രമണങ്ങള്‍ നേരിടാനും ജയിച്ചാട്ടങ്ങള് പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ജയില്‍ ഉദ്യോഗസ്ഥരെ കീഴ്പ്പെടുത്തിയ ശേഷമായിരുന്നു തേനി ജയിലില്‍ നിന്നും 17 വിചാരണ തടവുകാര്‍ രക്ഷപ്പെട്ടത്. നാല് ഉദ്യോഗസ്ഥര്‍ക്കാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
സംസ്ഥാനത്തെ എല്ലാ ജയിലുകളിലും വാച്ച്ടവറുകള്‍ ഉണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവ് ഉള്‍പ്പെടെയുള്ള പല കാരണങ്ങളാല്‍ ആയുധധാരികളായ ഗാര്‍ഡുമാരെ വിന്യസിച്ചിരുന്നില്ല. തിങ്കളാഴ്ചത്തെ സംഭവത്തോടെ ജയില്‍ ഡിജിപി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്, വാച്ച്ടവറുകളില്‍ ആയുധധാരികളായ പ്രിസണ്‍ വാര്ഡന്മാരെ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം എല്ലാ സെന്‍ട്രല്‍ – ജില്ലാ ജയിലുകളിലെയും സുരക്ഷ ഓഡിറ്റ് പൂര്‍ത്തിയാകാറായെന്നും എല്ലാ പഴുതുകളും അടച്ച് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കുമെന്നും റാത്തോര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമേ തടവുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ അടങ്ങിയ ഒരു എഐ ഡാഷ്ബോര്‍ഡ് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തടവുകാരുടെ ലിംഗം, അവര്‍ തടവ് അനുഭവിക്കുകയാണോ, പരോളിലാണോ, ജാമ്യത്തിലിറങ്ങിയോ തുടങ്ങിയ വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, ആരോഗ്യസ്ഥിതി എന്നിവയടക്കം ഇതില്‍ രേഖപ്പെടുത്താനാണ് തീരുമാനം. ഇതിന് പുറമേ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. കൂടാതെ ജയിലുകളിലെ തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന നിരീക്ഷണ ക്യാമറകളുടെ നിയന്ത്രണം എന്നിവ അടക്കം ഈ ഡാഷ്ബോര്‍ഡുമായി ബന്ധപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രമാദമായ ഒരു കേസിലെ അഞ്ച് പ്രതികളെ തേനി ജയിലിലെ ഒരേ വാര്‍ഡിലാണ് പാര്‍പ്പിച്ചിരുന്നതെന്നും അവരാണ് തിങ്കളാഴ്ച നടന്ന ജയില്‍ ചാട്ടത്തിന് പിന്നില്‍ പ്രധാന പങ്കുവഹിച്ചതെന്നും ജയില്‍ ഡിജിപി പറഞ്ഞു.















