സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെതിരെ പെട്ടെന്നു നടപടിയുണ്ടായതു ചേരാനല്ലൂർ അപകടക്കേസ് പ്രതിയായ അഡിഷനൽ ജഡ്ജിയുമായി അപകടദിവസം ഫോണിൽ സംസാരിച്ചതിന്. അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവായ അഡിഷനൽ ജഡ്ജിയുമായി സിറ്റി പൊലീസ് കമ്മിഷണർ ഫോണിൽ സംസാരിച്ചതു ഗുരുതരവീഴ്ചയാണെന്നും സ്വാധീനത്തിനു വഴങ്ങിയെന്ന ചീത്തപ്പേരുണ്ടാകുമെന്നുമുള്ള റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്കു ലഭിച്ചതോടെയാണ് അടിയന്തര നടപടി. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു പുറമേ സ്ഥലത്തെത്തി കാര്യങ്ങൾ പഠിച്ച എഡിജിപി പി.വിജയനും ഇക്കാര്യം മന്ത്രിക്കു റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണു വിവരം.
സർക്കാരിനും വകുപ്പിനും പൊലീസ് സേനയ്ക്കും പേരുദോഷമുണ്ടായതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, നടപടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ മാത്രമായി ഒതുക്കേണ്ടെന്നും കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ മേലുദ്യോഗസ്ഥർക്കെതിരെയും വേണമെന്നു നിർദേശിക്കുകയായിരുന്നു. അപകടമുണ്ടായതിനു പിന്നാലെ തൃശൂർ റൂറൽ ജില്ലയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻവഴി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരെ അഡിഷനൽ ജഡ്ജി ബന്ധപ്പെട്ടിരുന്നതായി ആരോപണമുണ്ട്. ഇതിനു പിന്നാലെയാണു ജഡ്ജിയും സിറ്റി പൊലീസ് കമ്മിഷണറും തമ്മിൽ ആശയവിനിമയം നടന്നതെന്നാണു വിവരം.















