ജീവിതത്തില്‍ തിരിച്ചു കിട്ടാത്ത ഒരേയൊരു കാര്യം മാത്രമാണ് പ്രായം. ജനിക്കുന്നതു മുതല്‍ പ്രായം കൂടിക്കൊണ്ടിരിക്കും. അത് മരണത്തിലേക്കുള്ള യാത്രയാണ്. എന്നാല്‍, ഒരു മനുഷ്യന്റെ ജനനത്തിനും മരണത്തിനുമിടയിലെ ജീവിത ചക്രത്തില്‍ മരിക്കുന്നതിനു തൊട്ടു മുമ്പുള്ള അവസ്ഥയിലാണ് യഥാര്‍ഥ സംരക്ഷണം ആവശ്യമുള്ളത്. വാര്‍ദ്ധക്യത്തില്‍. പിഞ്ചുകുഞ്ഞിനും പ്രായമായവര്‍ക്കും നല്‍കേണ്ട പരിഗണന ഒന്നുതന്നെയായിരിക്കണം. ബുദ്ധിയുറയ്ക്കാത്ത കാലത്ത ബാല്യകാലത്ത് മാതാപിതാക്കളും ബുദ്ധിസ്ഥിരത നഷ്ടപ്പെടുന്ന വാര്‍ദ്ധക്യ കാലത്ത് മക്കളും ബന്ധുക്കളും താങ്ങും തണലുമായിരിക്കണം. എന്നാല്‍, ബാല്യ കാലത്ത് എല്ലാവരും കൂടെയുണ്ടാകുമെങ്കിലും വാര്‍ദ്ധ്യക്യത്തില്‍ ആരുമുണ്ടാകില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍.
വാര്‍ദ്ധക്യം ബാധിക്കുന്നവര്‍ കുടുംബത്തിനും മക്കള്‍ക്കും സമൂഹത്തിനും ബാധ്യതയാണെന്ന ചിന്തയാണ് ഇന്നത്തെ സമൂഹത്തിന്. കേരളത്തില്‍ വൃദ്ധ സദനം പോലുള്ള എത്രയോ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അവിടെയെല്ലാം താമസിക്കുന്നവര്‍ക്ക് മക്കളും ചെറുമക്കളും ബന്ധുക്കളുമൊക്കെയുണ്ട്. അവര്‍ക്കൊന്നും വൃദ്ധരായ മാതാപിതാക്കളെ നോക്കാന്‍ സമയം ഇല്ലാത്തതിനാല്‍ ഇത്തരം സ്ഥാപനങ്ങലില്‍ കൊണ്ടുചെന്നാക്കും. മാസംതോറും അവരെ പരിചരിക്കാനുള്ള തുക നല്‍കുക മാത്രമാണ് ഉത്തരവാദിത്വം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരേ ശക്തമായ നിയമം പാസാക്കിയിട്ടുണ്ട്.
മാത്രമല്ല, അവര്‍ക്കു വേണ്ടി ഒരു വകുപ്പു തന്നെ രൂപീകരിച്ചു. ഈ നിയമസഭാ സമ്മേളന കാലത്ത് 2026ലെ കേരളം മുതിര്‍ന്ന പൗരന്മാരുടെ (പരിചരണവും അവകാശസംരക്ഷണവും) ബില്‍ പൈലറ്റ് ചെയ്തു കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സഭയില്‍ നടത്തിയ പ്രസംഗമുണ്ട്. കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തി പോകേണ്ട ഒന്നണത്. പ്രായമാകുമ്പോള്‍ പതിതള്ളി വിടുന്നവരെ സംരക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം ശിക്ഷയും നല്‍കുന്നതിന് ഉതകുന്ന ബില്ലാണത്. ഓര്‍ക്കണം, നിയമസഭയിലെ ഭൂരിഭാഗം അംഗങ്ങളും ജീവിതത്തിന്റെ പകുതി പിന്നിട്ടവരാണ്. നാളെകളില്‍ അവര്‍ക്കും കൂടി അനിവാര്യമാകുന്നതാണീ ബില്ല്.
സര്‍ക്കാരും സമൂഹവും പ്രായമായവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അത്രകണ്ട് കാര്യമാക്കിയിരുന്നില്ല എന്നതാണ് വസ്തുത. അടുത്ത കാലം വരെ പ്രായമായവരെ നോക്കുന്നതിനുള്ള സ്ഥലങ്ങളും, അവരുടെ സംരക്ഷണത്തിനു വേണ്ടുന്ന നടപടികളും ചെയ്തതല്ലാതെ, കാര്യമായ ഇടപെടലുകളൊന്നം ഉണ്ടായില്ലെന്നതാണ് സത്യം. എന്നാല്‍, 2014 മുതല്‍ പ്രായമായവരുടെ സംരക്ഷണം മക്കളോ, കുടുംബക്കാരോ നിര്‍ബന്ധമായും നോക്കണമെന്ന നിലപാടുമായി കണ്ണൂരില്‍ നിന്നൊരാള്‍ ഒരു പോരാട്ടം ആരംഭിച്ചു. ഒറ്റയ്‌ക്കൊരു പ്രസ്ഥാനമായി ഒറ്റയാള്‍ പോരാട്ടം. പോകാവുന്ന നിയമ വഴികളിലൂടെയും, കണാനാവുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അയാള്‍ കണ്ടു. പോരാട്ടം വിജയിക്കുമോ അതോ പരാജയപ്പെടുമോ എന്നറിയില്ല.
പക്ഷെ, അയാള്‍ തുനിഞ്ഞിറങ്ങിയത്, പ്രായമായവരെ പടിതള്ളുന്നവര്‍ക്കെതിരേ ആണെന്നത് സമൂഹം പതിയെ തിരിച്ചറിഞ്ഞു. സര്‍ക്കാരും ഇത് മനസ്സിലാക്കാന്‍ തുടങ്ങി. വാര്‍ത്തകളില്‍ ഇടം പിടിച്ചു. തങ്ങള്‍ക്കു വേണ്ടി ഒരാള്‍ നിരന്തരം പോരാടുന്നുണ്ടെന്ന് കേരളത്തിലെ പ്രായമായി കുടുംബത്തില്‍ നിന്നും പുറംതള്ളിയവരാരും അറിഞ്ഞില്ല. എന്നാല്‍, സര്‍ക്കാരിന്റെ ഇടപെടലുകള്‍ അവര്‍ക്കായി ഉണ്ടിയിക്കൊണ്ടിരുന്നു. അപ്പോഴും പോരാട്ടത്തിന് അവസാനമുണ്ടായില്ല. അതൊരു വകുപ്പായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫറൂഖ് അഹമ്മദ് ഇരിക്കൂറിന്റെ ഇടപെടലുകള്‍ക്ക് സാധിച്ചു എന്നതാണ് സത്യം. അതോടൊപ്പം ഇപ്പോള്‍ അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും കഴിയുന്നവരുടെ പൂര്‍ണ്ണമായ കണക്കുകള്‍ ഫറൂഖ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ എത്രപേരെ ബന്ധുക്കളുടെ കൂടെ പുനരധിവാസത്തിന് വിട്ടുവെന്ന കണക്കും ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ സ്‌നേഹാലയത്തില്‍ നിന്നും 59 പേരാണ് കുടുംബങ്ങള്‍ക്കൊപ്പം പോയത്. കണ്ണൂര്‍ സ്‌നേഹാലയത്തില്‍ നിന്നും 35പേരെയും കുടുംബങ്ങള്‍ക്കൊപ്പം പുനരധിവസിപ്പിച്ചിട്ടുണ്ട്. പ്രായമായവര്‍ക്കു വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുമ്പോള്‍, അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫറൂഖ് അഹമ്മദിനെ ഓര്‍മ്മിക്കാതെ പോകാനാവില്ല.















