ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ പിതാവ് ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നാല് മണിക്കൂര്‍ തന്നെ ചോദ്യം ചെയ്തെന്നും, വീട്ടില്‍ റെയ്ഡ് നടത്തിയെന്നുമുള്ള ജഡ്ജിയുടെ വാദം കേട്ട കോടതി, എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചു. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കുറ്റകൃത്യത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും, മകന്‍ വാഹനം എടുത്ത് പുറത്തേക്ക് പോയതിനെ കുറിച്ച് അറിവില്ലെന്നുമായിരുന്നു ജഡ്ജിയുടെ പ്രധാന വാദം. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ഇതിനോടകം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയിരുന്നു. ജഡ്ജി അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം നാടുവിട്ട് പോകില്ലെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്, അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സര്‍ക്കാരിനോട് ചോദിച്ചു.
അപകടമുണ്ടാക്കിയ വാഹനത്തില്‍ ജില്ലാ ജഡ്ജിയുടെ നയിം ബോര്‍ഡ് വെച്ചിരുന്നുവെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ അപേക്ഷകനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് കോടതി ഉത്തരവിട്ടത്. ‘അദ്ദേഹത്തെ നാല് മണിക്കൂര്‍ ചോദ്യം ചെയ്യേണ്ടി വന്നതെന്തിനാണ്?. ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെന്താണ്? അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടത് എന്തിനാണ്?. അദ്ദേഹം ഒരു ജുഡീഷ്യല്‍ ഉദ്യോഗസ്ഥനാണ്. അന്വേഷണവുമായി അദ്ദേഹം സഹകരിച്ചുകൊള്ളുമെന്നും ജസ്റ്റിസ് എടപ്പഗത്ത് പറഞ്ഞു.
റിനോ ഫ്രാന്‍സിസിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വിജയഭാനുവാണ് ഹാജരായത്. അതേസമയം, ജഡ്ജി ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകേണ്ടതും, ആവശ്യമായി വരുന്ന പക്ഷം പിന്നീട് വിളിക്കുമ്പോള്‍ വീണ്ടും ഹാജരാകേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം അപേക്ഷകനെ ചോദ്യം ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, തങ്ങള്‍ക്ക് ഇതേവരെ നീതി ലഭിച്ചിട്ടില്ലെന്നും, കേസില്‍ പ്രതിയായ ജുഡീഷ്യല്‍ ഓഫീസര്‍ നിയമവ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാ തന്ത്രങ്ങളും പയറ്റുന്നുണ്ടെന്നും അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പ്രതികരിച്ചു. പ്രതി ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തിയായതുകൊണ്ടാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് അറസ്റ്റ് തടഞ്ഞതെന്നും, കേസിന്റെ പേപ്പര്‍ വര്‍ക്കുകളും മറ്റ് നടപടികളും ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമേ പൂര്‍ണമായി വ്യക്തമാകൂവെന്നും കുടുംബാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിയായ 17കാരന്‍ സ്ഥിരം കുറ്റവാളിയാണെന്നും, ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും എറണാകുളം സ്ത്രീകളുടേയും കുട്ടികളുടേയും പ്രത്യേക കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികള്‍ നാളെ പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. അഡീഷണല്‍ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അമിതവേഗതയില്‍ എത്തി മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറിലിടിച്ചത്. അപകടത്തില്‍ ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്തുതന്നെ വെച്ച് മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്ന് എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള നാല് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.















